കോടിയേരിക്ക് അന്തിമോപചാരം അര്‍പ്പിച്ച് സുധാകരൻ
തലശ്ശരേി: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ അർപ്പിച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോടിയേരിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ച തലശ്ശേരി ടൗണ്‍ ഹാളിൽ എത്തി മുതിർന്ന സി.പി.എം നേതാവിന് കെ.സുധാകരൻ ആദരാഞ്ജലികൾ അർപ്പിച്ചു. കണ്ണൂർ രാഷ്ട്രീയത്തിലെ ഇരുവിഭാഗങ്ങളിൽ നിന്നും പരസ്പരം പോരടിച്ചെങ്കിലും കോടിയേരിയോട് വിടപറയാനുള്ള സുധാകരന്‍റെ വരവ് രാഷ്ട്രീയ ചരിത്രത്തിലെ അപൂർവ മുഹൂർത്തമായി മാറി.
കോടിയേരിയുടെ മൃതദേഹത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം സുധാകരൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അടുത്തേക്ക് നടന്ന് സംസാരിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, സ്പീക്കർ എ.എൻ ഷംസീർ, എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ, പതിറ്റാണ്ടുകളായി കണ്ണൂർ രാഷ്ട്രീയത്തിൽ മുഖാമുഖം പോരാടിയ മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരുമായുള്ള സൗഹൃദം കെ.സുധാകരൻ പുതുക്കി. കോടിയേരിക്ക് ആദരാജ്ഞലികൾ അര്‍പ്പിക്കാനെത്തിയ ജനസാഗരത്തെ സാക്ഷി നിര്‍ത്തിയായിരുന്നു രാഷ്ട്രീയ ചരിത്രത്തിലെ ഈ അപൂര്‍വ്വ കാഴ്ച.
അതേസമയം കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം തലശേരി ടൗൺഹാളിൽ നിന്ന് അൽപ്പസമയത്തിനകം മാടപ്പീടികയിലെ വീട്ടിലേക്ക് കൊണ്ടുപോകും. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഇവിടെ കോടിയേരിക്ക് അന്തിമോപചാരം അർപ്പിക്കും. ഇന്ന് രാത്രി വീട്ടിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ രാഘവൻ മന്ദിരത്തിലേക്ക് കൊണ്ടുപോകും. ഇവിടെ പൊതുദർശനം നടത്തിയതിന് ശേഷം മൃതദേഹം വൈകിട്ട് മൂന്നിന് പയ്യാമ്പലം ബീച്ചിൽ സംസ്കരിക്കും. ശവസംസ്കാരത്തിനുള്ള എല്ലാ ഒരുക്കങ്ങളും പയ്യാമ്പലത്ത് പൂർത്തിയായി.