ഈ വൃക്ഷം പരിചരിക്കാൻ പ്രതിവർഷം ചിലവഴിക്കുന്നത് 12 ലക്ഷം
മധ്യപ്രദേശ് : മധ്യപ്രദേശിലെ റെയ്സൺ ജില്ലയിൽ രാജ്യത്തെ ഉന്നത പദവിയിൽ ഉള്ളവർക്ക് സമാനമായ സൗകര്യങ്ങൾ ലഭിക്കുന്ന ഒരു വൃക്ഷമുണ്ട്. അതിന്‍റെ ഒരു ഇല കൊഴിഞ്ഞാലും അത് ജില്ലാ ഭരണകൂടത്തിന്‍റെ ഉറക്കം കെടുത്തും. മരത്തിന് കുറവുകളൊന്നുമില്ലെന്ന് ഉറപ്പാക്കാൻ 24 മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥരെ ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം 12 ലക്ഷത്തോളം രൂപയാണ് മരത്തിന്‍റെ പരിചരണത്തിനായി ചെലവഴിക്കുന്നത്.
എന്താണ് ഈ മരത്തിന്‍റെ പ്രത്യേകത എന്നല്ലേ? ശ്രീബുദ്ധന് ജ്ഞാനോദയം ലഭിച്ച അതേ ബോധി വൃക്ഷമാണിത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ്, യഥാർത്ഥ ബോധി വൃക്ഷത്തിന്‍റെ ഒരു ശിഖരം ശ്രീലങ്കയിലെ അനുരാധപുരയിൽ കൊണ്ടുവന്ന് അവിടെ നട്ടു വളർത്തിയിരുന്നു. 2012 ൽ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്‍റ് മഹിന്ദ രാജപക്സെ ഇന്ത്യ സന്ദർശിച്ചപ്പോൾ അനുരാധപുരയിലെ ബോധി മരത്തിൽ നിന്ന് എടുത്ത ഒരു ശിഖരമാണ് 20 അടി ഉയരത്തിൽ ഇവിടെ തലയെടുപ്പോടെ നിൽക്കുന്നത്.
സലാമത്പൂരിലെ ബുദ്ധിസ്റ്റ് സർവകലാശാലയിലെ ഒരു കുന്നിന് മുകളിലാണ് ഈ ബോധി വൃക്ഷം വളരുന്നത്. ഏകദേശം 12-15 ലക്ഷം രൂപ പ്രതിവർഷം മരത്തിന്‍റെ സംരക്ഷണത്തിനായി മാത്രം ചെലവഴിക്കുന്നു. ബോധിമരത്തിന് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ഓരോ 15 ദിവസത്തിലും പ്രത്യേക മെഡിക്കൽ ചെക്കപ്പും നടത്തുന്നുണ്ട്. മരത്തിന് കാവൽ നിൽക്കാൻ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ബോധിമരത്തിന് ആവശ്യമായ വെള്ളം ശേഖരിക്കാൻ പ്രത്യേക വാട്ടർ ടാങ്കും ഇവിടെ നിർമ്മിച്ചിട്ടുണ്ട്.