തമിഴ്നാട്ടിൽ നടന്ന പ്രമാദമായ കൊലക്കേസിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ പരോളിലിറങ്ങി മുങ്ങിയ പ്രധാന പ്രതി 25 വർഷങ്ങൾക്ക് ശേഷം വണ്ടൻമേട്ടിൽ നിന്നും പിടിയിൽ.സ്വത്ത് തർക്കത്തെ തുടർന്ന് ബന്ധുക്കളായ 2 യുവാക്കളെ കൊലപ്പെടുത്തിയ വെള്ളച്ചാമിയാണ് അറസ്റ്റിലായത് …. .
കൊലപാതകം നടത്തി തമിഴ്നാട് മധുര സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ചു വരുന്നതിനിടയിൽ 1997 ലാണ് പരോളിൽ ഇറങ്ങിയ ഉസിലംപ്പെട്ടി സ്വദേശി വെള്ളച്ചാമി കടന്നുകളഞ്ഞത്. ഒന്നര വർഷം മുൻപ് തമിഴ്നാട്ടിൽ നിന്നും മാലിയിലെത്തിയ ഇയാൾ ആൾമാറാട്ടം നടത്തി ഇഞ്ചപ്പടപ്പെന്ന സ്ഥലത്ത് മൊബൈൽ സിഗ്നൽ ലഭിക്കാത്ത ഏലത്തോട്ടത്തിന് നടുവിലാണ് ഒളിച്ചു കഴിഞ്ഞത്.കട്ടപ്പന ഡിവൈ.എസ് പി വി എ നിഷാദ്മോന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സ്ക്വാഡ് ഇയാളെ വെള്ളിയാഴ്ച്ച അതിവിദഗ്ധമായി പിടികൂടുകയായിരുന്നു.പ്രതിയെ തമിഴ്നാട് പൊലീസിന് കൈമാറി.1984 ൽ സ്വത്തു തർക്കത്തെ തുടർന്നും മാതൃസഹോദര പുത്രിയെ സ്നേഹിച്ച് വിവാഹം കഴിച്ചതിലുമുള്ള വിരോധംമൂലവുമാണ് ബന്ധുക്കളായ രണ്ട് യുവാക്കളെ തമിഴ്നാട്ടിലുള്ള വരശനാട് കടമലക്കുണ്ടിൽ വെച്ച് വെള്ളച്ചാമിയും മറ്റു പ്രതികളും ചേർന്ന് വെട്ടിക്കൊന്നത്. പരോളിലിറങ്ങിയ പ്രതി തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് വണ്ടൻമേട്ടിൽ എത്തിയത്. പ്രത്യേക സ്ക്വാഡ് അംഗങ്ങളയാ സബ് ഇൻസ്പെക്ടർ സജിമോൻ ജോസഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടോണി ജോൺ, സിവിൽ പോലീസ് ഓഫീസർ അനീഷ് വി.കെ എന്നിവരാണ് പ്രതിയെ പിടികൂടി തമിഴ്നാട് പൊലീസിന് കൈമാറിയത്.