മഴ പെയ്താൽ വെള്ളം കയറും, ഇല്ലെങ്കിൽ പട്ടി കടിക്കും; പരിഹാസവുമായി ഹൈക്കോടതി

കൊച്ചി: മഴ പെയ്താൽ വെള്ളം കയറും, അല്ലെങ്കിൽ പട്ടി കടിക്കും എന്നതാണ് ഇപ്പോഴത്തെ അവസ്ഥയെന്ന പരിഹാസവുമായി ഹൈക്കോടതി. തെരുവുനായ പ്രശ്നത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തമുണ്ടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കൊച്ചിയിലെ വെള്ളക്കെട്ട് വിഷയവുമായി ബന്ധപ്പെട്ട ഹർജികളിലാണ് പരാമർശം. കോർപ്പറേഷന്‍റെ ലാഘവത്വം വെള്ളക്കെട്ട് വീണ്ടും ഉണ്ടാകുന്നതിന് കാരണമാകുമെന്നും കോടതി പരാമര്‍ശിച്ചു. വെള്ളക്കെട്ട് പരിഹരിക്കാൻ അഴുക്കുചാലുകൾ വൃത്തിയാക്കുന്നതുൾപ്പെടെയുള്ള നടപടികൾ കോർപ്പറേഷൻ സ്വീകരിക്കണമെന്നും കോടതി പറഞ്ഞു. എന്നാൽ, തദ്ദേശ സ്ഥാപനങ്ങള്‍ നായശല്യം നിയന്ത്രിക്കാന്‍ ജാഗ്രത സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി.
റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചെന്നത് ഞെട്ടിക്കുന്നതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇങ്ങനെയൊരു അപകടം ഉണ്ടാകുമെന്ന് താൻ ഭയപ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. ആലുവ പെരുമ്പാവൂർ റോഡ് തകർച്ചയിൽ ജില്ലാ കളക്ടറുടെ റിപ്പോർട്ട് എവിടെ എന്നും കോടതി ചോദിച്ചു. ദേശീയപാതയിലെ അപകടത്തിൽ ഒറ്റ ദിവസം കൊണ്ട് നടപടിയെടുത്തെന്നും കോടതി നിരീക്ഷിച്ചു. അപ്പോൾ എഞ്ചിനീയർമാർ എന്താണ് ചെയ്യുന്നത്? അത്തരം കുഴികൾ കണ്ടില്ലെന്ന് അവർക്കെങ്ങനെ നടിക്കാൻ കഴിയും? കേച്ചേരിക്ക് ശേഷം തൃശൂർ കുന്നംകുളം റോഡ് ശോചനീയാവസ്ഥയിലാണ്. സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥയെ രൂക്ഷമായി കോടതി വിമർശിച്ചു.
ആലുവ പെരുമ്പാവൂർ റോഡിന്‍റെ ചുമതലയുള്ള എൻജിനീയറോട് നേരിട്ട് ഹാജരാകാൻ കോടതി നിർദ്ദേശിച്ചു. 19ന് വിശദീകരണം ലഭിച്ചില്ലെങ്കിൽ കളക്ടറെ വിളിപ്പിക്കും.
















































































































