പ്രധാന വാര്‍ത്തകള്‍
എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും


ന്യൂഡൽഹി: എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പ്രസിഡന്‍റ് ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനും കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് അനുശോചനം അറിയിക്കാനും സെപ്റ്റംബർ 17ന് രാഷ്ട്രപതി ലണ്ടനിലെത്തും. 19 വരെ ലണ്ടനിലുണ്ടാകും.
എലിസബത്ത് രാജ്ഞി സെപ്റ്റംബർ 8 ന് ബാൽമോറൽ കാസിലിൽ വേനൽക്കാലം ചെലവഴിക്കുന്നതിനിടെയാണ് അന്തരിച്ചത്. സംസ്കാരം സെപ്റ്റംബർ 19ന് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടക്കും.
രാഷ്ട്രപതി, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവർ രാജ്ഞിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിയിരുന്നു. സെപ്റ്റംബർ 12ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഡൽഹിയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദർശിച്ച് ഇന്ത്യയുടെ അനുശോചനം അറിയിച്ചിരുന്നു. സെപ്റ്റംബർ 11ന് ഇന്ത്യയിൽ ദേശീയ ദുഃഖാചരണവും നടത്തി.