സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളില്‍ ഇനി പരമാവധി 50 കുട്ടികള്‍ മാത്രം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറിയില്‍ ഒരു ക്ലാസില്‍ പരമാവധി അമ്ബതു വിദ്യാര്‍ത്ഥികള്‍ മതിയെന്ന വ്യവസ്ഥ കര്‍ശനമാക്കിയേക്കും. സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധസമിതിയും ഒരു ക്ലാസില്‍ 50 പേര്‍ മതിയെന്ന് നിര്‍ദേശമാണ് വെച്ചിരിക്കുന്നത്. പഠനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വ്യക്തിപരമായ ശ്രദ്ധനല്‍കാന്‍ ഈയൊരു ഏകീകൃത വ്യവസ്ഥ വേണമെന്നാണ് പ്രൊഫ. വി. കാര്‍ത്തികേയന്‍ നായര്‍ അധ്യക്ഷനായ സമിതിയുടെ വിലയിരുത്തല്‍. ആനുപാതികമായി അധികബാച്ചുകള്‍ അനുവദിക്കണമെന്നും സമിതി ആവശ്യപ്പെടും.
നിലവിലെ ബാച്ചുകളില്‍ അസന്തുലിതാവസ്ഥ ഉണ്ടെന്നാണ് സമിതിയുടെ കണ്ടെത്തല്‍. സ്ഥിരം അദ്ധ്യാപകതസ്തികകള്‍ സൃഷ്ടിച്ചതിലും അപാകങ്ങളുണ്ടെന്നും സമിതി വിലയിരുത്തി. ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ അനുവദിച്ചതിലെ അസന്തുലിതാവസ്ഥ പഠിക്കാനും ശുപാര്‍ശ നല്‍കാനും രൂപവത്കരിച്ച സമിതിയുടെ മേഖലാതല പരിശോധന പൂര്‍ത്തിയായി. വൈകാതെ സര്‍ക്കാരിനു റിപ്പോര്‍ട്ടുനല്‍കും.
വിദ്യാര്‍ത്ഥികള്‍ കൂടുന്നത് പഠനം താളംതെറ്റിക്കുന്നു എന്നാണ് വിലയിരുത്തല്‍. സര്‍ക്കാര്‍ 25 ശതമാനംവരെ അധിക ബാച്ചുകള്‍ അനുവദിച്ചിട്ടും മലപ്പുറത്തെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. ഇന്നത്തെ നിലയില്‍ 200 ബാച്ചുകളെങ്കിലും അധികമായി അനുവദിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്.
പത്തനംതിട്ട, ആലപ്പുഴ തുടങ്ങിയ ജില്ലകളിലാവട്ടെ പല സ്‌കൂളുകളിലും 15-16 വിദ്യാര്‍ത്ഥികളേ ഒരു ബാച്ചിലുള്ളൂ. ഇത്തരത്തിലുള്ള 50-60 ബാച്ചുകളുണ്ട്. ഈ ബാച്ചുകള്‍ മലപ്പുറം പോലെയുള്ള ജില്ലകളിലേക്ക് പുനര്‍വിന്യസിക്കണമെന്നാണ് സമിതിയുടെ അഭിപ്രായം. വിദ്യാര്‍ത്ഥികളുടെ പഠനാവശ്യം നിറവേറ്റുന്നതിനു പുറമേ, അദ്ധ്യാപകരുടെ തസ്തിക സംരക്ഷിക്കാനും ഇതു സഹായിക്കും.
വയനാട്, ഇടുക്കി ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ കുറവുള്ള ബാച്ചുകളുണ്ടെന്നാണ് കണ്ടെത്തല്‍. ആദിവാസി, പട്ടികവര്‍ഗ വിഭാഗക്കാര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ കുട്ടികള്‍ കുറവാണെങ്കിലും വിദ്യാഭ്യാസം ഉറപ്പാക്കാനായി ഈ ബാച്ചുകള്‍ നിലനിര്‍ത്താനാവും ശുപാര്‍ശ. ശാസ്ത്രീയമായ വിലയിരുത്തലില്ലാതെ, മുന്‍കാലങ്ങളില്‍ ബാച്ചുകളനുവദിച്ചത് പ്ലസ്ടു പ്രവേശനത്തില്‍ വടക്കന്‍ജില്ലകളിലും തെക്കന്‍ജില്ലകളിലും വ്യത്യസ്തമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം