കേരളത്തിലെ 5 ജയിലുകളിൽ പ്രതിമാസം ഭക്ഷണത്തിനായി 79 ലക്ഷം രൂപ ചിലവ്


സംസ്ഥാനത്തെ അഞ്ച് ജയിലുകളിലെ തടവുകാരുടെ ഭക്ഷണത്തിനായി പ്രതിമാസം 79 ലക്ഷം രൂപയാണ് സർക്കാർ ചെലവഴിക്കുന്നത്. അഞ്ച് ജയിലുകളിലായി തടവുകാർ ചെയ്യുന്ന ജോലികൾക്ക് ശമ്പളം നൽകാൻ പ്രതിമാസം 75 ലക്ഷം രൂപ വേണമെന്ന് വിവരാവകാശ രേഖയിൽ പറയുന്നു.
2021-2022 കാലയളവിൽ തടവുകാരെ ജോലി ചെയ്യിപ്പിക്കുന്നതിലൂടെ സർക്കാർ 48 ലക്ഷം രൂപ സമ്പാദിച്ചതായി സർക്കാർ രേഖകൾ വ്യക്തമാക്കുന്നു. കൊച്ചിയിലെ വിവരാവകാശ പ്രവർത്തകനായ എം കെ ഹരിദാസിന് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നത്.
വിയ്യൂർ, പൂജപ്പുര, കണ്ണൂർ സെൻട്രൽ ജയിലുകളും ചീമേനി, നെട്ടുകാൽത്തേരി എന്നിവിടങ്ങളിലെ തുറന്ന ജയിലുകളും പ്രതികളുടെ ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കുമായി മാത്രം പ്രതിമാസം 79 ലക്ഷം രൂപയാണ് സർക്കാർ ചിലവാക്കുന്നത്. ഇതിനുപുറമെ, ഈ അഞ്ച് ജയിലുകളിലായി 75.84 ലക്ഷം രൂപയും തടവുകാർക്ക് ജോലിക്കായി ശമ്പളം നൽകാൻ സർക്കാർ ചെലവഴിക്കുന്നു. പ്രതികളുടെ ശമ്പളം വിവിധ വിഭാഗങ്ങളിലായാണ് നിശ്ചയിച്ചിരിക്കുന്നത്. അപ്രന്‍റീസുകാർക്ക് 63 രൂപയും അർദ്ധവിദഗ്ധ തൊഴിലാളികൾക്ക് 127 രൂപയും വിദഗ്ധ തൊഴിലാളികൾക്ക് 150 രൂപയും പെട്രോൾ പമ്പ് തൊഴിലാളികൾക്ക് 170 രൂപയുമാണ് ദിവസവേതനം. ഫുഡ് യൂണിറ്റുകളിൽ ജോലി ചെയ്യുന്നവർക്ക് 148 രൂപയാണ് ശമ്പളം.
അതേസമയം, തടവുകാരുടെ പെട്രോൾ പമ്പുകൾ, കന്നുകാലികൾ, മത്സ്യഫാം പ്രവർത്തനങ്ങൾ എന്നിവയിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം അഞ്ച് ജയിലുകളിലായി 48.78 ലക്ഷം രൂപ സമ്പാദിച്ചു. വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരുടെ പ്രവർത്തനത്തിലൂടെ 38 ലക്ഷം രൂപയാണ് വരുമാനം ലഭിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ 1114 പേരും വീയൂരിൽ 879 പേരും കണ്ണൂരിൽ 1041 പേരുമാണുള്ളത്.