ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വിട്ടതിനെ തുടര്‍ന്ന് തടിയമ്ബാട് ചപ്പാത്ത് ഭാഗികമായി തകര്‍ന്നു


ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്ന് വിട്ടതിനെ തുടര്‍ന്ന് തടിയമ്ബാട് ചപ്പാത്ത് ഭാഗികമായി തകര്‍ന്നു.
ചപ്പാത്തിന്റെ മരിയാപുരം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഭാഗത്ത് അപ്രോച്ച് റോഡ് പകുതിയോളം ഒലിച്ചുപോയ നിലയിലാണ്. ചപ്പാത്തില്‍ പലയിടത്തും വിണ്ടുകീറിയ നിലയിലാണ്. കൈവരിയും തകര്‍ന്നു. ചപ്പാത്തില്‍ നിന്നും വെള്ളമിറങ്ങിയെങ്കിലും കാല്‍നടയാത്ര മാത്രമെ അനുവദിച്ചിട്ടുള്ളു. വാഹനങ്ങള്‍ കടത്തിവിടാതെ പൊലീസ് തടസം സൃഷ്ടിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് ചെറുതോണി അണക്കെട്ടില്‍ നിന്ന് തുറന്നു വിടുന്ന വെള്ളത്തിന്റെ ആളവ് സെക്കന്റില്‍ ഒരു ലക്ഷം ലിറ്ററാക്കി കുറച്ചിരുന്നു. ഇന്നലെ രാവിലെ ഒമ്ബത് വരെ മൂന്നര ലക്ഷം ലിറ്റര്‍ വെള്ളമായിരുന്നു പെരിയാറ്റിലൂടെ ഒഴുക്കി വീട്ടിരുന്നത്. വെള്ളത്തിന്റെ അളവ് കുറച്ചതോടെയാണ് തടിയമ്ബാട് ചപ്പാത്തിലെ കേടുപാടുകള്‍ വ്യക്തമായത്. പൊതുമരാമത്ത് വിഭാഗം എന്‍ജിനിയര്‍ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമെ ഇതുവഴി വാഹന ഗതാഗതം അനുവദിക്കൂ. വെള്ളമിറങ്ങിയിട്ടും തടിയമ്ബാടിന് മറുകരയിലേക്ക്
സ്‌കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ കടന്നു ചെല്ലാനാവാത്തതിനാല്‍ നിരവധി വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങുന്ന സ്ഥിതിയാണ്. അടിയന്തരമായി ഇതിനൊരു പരിഹാരം ഉണ്ടാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. ചപ്പാത്തിന്റെ സ്ഥാനത്ത് പാലം നിര്‍മ്മിച്ച് ശാശ്വതമായ ഗതാഗത മാര്‍ഗ്ഗമുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
അന്ന് പൂര്‍ണമായി തകര്‍ന്നു
2018 ലെ മഹാപ്രളയത്തെ തുടര്‍ന്ന് ചപ്പാത്ത് പൂര്‍ണമായും തകര്‍ന്ന് പോയിരുന്നു. റീബില്‍ഡ് കേരളയില്‍ ഉള്‍പെടുത്തി കോടികള്‍ മുടക്കി നിര്‍മ്മിച്ച ആദ്യ റോഡും ചപ്പാത്തുമാണ് തടിയമ്ബാടുള്ളത്. ചപ്പാത്ത് നിര്‍മ്മിച്ചപ്പോള്‍ നാട്ടുകാര്‍ തടയണയല്ല പാലമാണ് വേണ്ടതെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തണുപ്പിച്ചാണ് പുതിയ ചപ്പാത്ത് നിര്‍മ്മിച്ചത്. ഇതിന് വെള്ളം ഒഴുകി പോകാനുള്ള ദ്വാരങ്ങള്‍ കുറവായിരുന്നതും പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വെള്ളമിറങ്ങി, ദുരിതാശ്വാസ ക്യാമ്ബുകള്‍ പിരിച്ചു വിട്ടു
വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ നാലെണ്ണം കൂടി അടച്ചതോടെ പെരിയാര്‍ നദിയിലെ നീരൊഴുക്കിന്റെ അളവു കുറഞ്ഞു. തീരത്ത് താമസിക്കുന്നവരുടെ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങി തുടങ്ങി. വള്ളക്കടവ്, തങ്കമല , ഇഞ്ചിക്കാട് ആറ്റോരം, മഞ്ജുമല, വികാസ് നഗര്‍, ചന്ദ്രവനം, തുടങ്ങിയ പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിഞ്ഞവര്‍ തങ്ങളുടെ വീടുകളിലേക്ക് തിരികെ പോയി. ചിലയാളുകള്‍ അവരുടെ വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പെടെ വീടുകളില്‍ നിന്ന് മാറ്റിയിരുന്നു. പെരിയാര്‍ മോഹനം ആഡിറ്റോറിയം, ചന്ദ്രവനം, പെരിയാര്‍ ശ്രീ ശക്തി നിലയം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ദുരിതാശ്വാസ ക്യാമ്ബുകളാണ് അടച്ചുപൂട്ടിയത്.