കൃഷി വകുപ്പിലെ പൊതു സ്ഥലം മാറ്റം സ്വാഗതാർഹം

രണ്ട് വർഷമായി മുടങ്ങി കിടന്ന കൃഷി അസിസ്റ്റൻ്റുമാരുടെയും, അസിസ്റ്റൻ്റ് കൃഷി ഓഫീസർമാരുടെ പൊതു സ്ഥലംമാറ്റം സ്വാഗതാർഹമാണന്നും, മുഴുവൻ വകുപ്പുകളിലും ഓൺലൈൻ സ്ഥലം മാറ്റം നടത്തണമെന്നും ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ അഭിപ്രായപ്പെട്ടു. കൃഷി വകുപ്പിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് ആദ്യം മുതൽ അവസാനം വരെ ജീവനക്കാർക്ക് വേണ്ടി നിരവധി പ്രക്ഷോഭങ്ങളും, നിവേദനങ്ങളുമാണ് സംഘടന നൽകിയത്. കോടതി വ്യവഹാരങ്ങളിൽപ്പെടുത്തി സ്ഥലംമാറ്റം തടസ്സപ്പെടുത്തുന്നതിനും, വകുപ്പിനെതിരെയും, ജീവനക്കാർക്കെതിരെയും വ്യാജ പ്രചരണങ്ങൾ നടത്തിക്കൊണ്ടും പൊതു സ്ഥലമാറ്റം അട്ടിമറിക്കാനുള്ള ചിലരുടെ നീക്കമാണ് സ്ഥലം മാറ്റത്തിലൂടെ പരാജയപ്പെട്ടതെന്നും കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ഇടുക്കി ജില്ലാ തല മെമ്പർഷിപ്പ് ക്യാമ്പയിൻ വെള്ളിയാമറ്റത്ത് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.വിദൂര ജില്ലകളിൽ നിന്നും സ്വന്തം ജില്ലകളിലേക്ക് സ്ഥലം മാറ്റത്തിനായി അപേക്ഷ സമർപ്പിച്ച നിരവധി വനിതകൾക്കടക്കം ആശ്വാസമായ നടപടിക്രമങ്ങളാണ് സ്ഥലം മാറ്റത്തിലൂടെ ലഭ്യമായത്. അന്തിമ പൊതു സ്ഥലമാറ്റ ലിസ്റ്റ് പുറത്ത് വന്നപ്പോൾ സ്പാർക്കിൻ്റെയും,സോഫ്റ്റ് വെയറിൻ്റെയും അപാകതകൾ മൂലം കുറച്ച് ജീവനക്കാർക്ക് ബുദ്ധിമുട്ടായിട്ടുണ്ട്.ഇത്തരം ജീവനക്കാരുടെ വിഷമങ്ങൾ എത്രയും വേഗം പരിഹരിക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളേണ്ടതാണന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാമറ്റം കൃഷിഭവന് മുന്നിൽ നടന്ന ചടങ്ങിൽ അസിസ്റ്റൻ്റ് കൃഷി ഓഫീസർ കെ.ജെ ജയ്നമ്മക്ക് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ കെ.എ.റ്റി എസ്.എ യുടെ മെമ്പർഷിപ്പ് നൽകി ഉത്ഘാടനം നിർവ്വഹിച്ചു. കേരള അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി ഇ.എസ് സോജൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ ജിൻസ്, സംസ്ഥാന കമ്മിറ്റിയംഗം പി.ആർ.ജിബി, ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എം.എസ് ശ്രീകുമാർ, സി.പി ഗംഗാധരൻ എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം.ആർ രതീഷ് സ്വാഗതവും കെ.ബി പ്രസാദ് നന്ദിയും പറഞ്ഞു.













































































