മെട്രോ നീട്ടുന്നു; ഭൂഉടമകൾക്ക് 100 കോടിയും വ്യാപാരികൾക്ക് 69 കോടിയും അനുവദിച്ചു
കാക്കനാട്: ജില്ലാ ആസ്ഥാനത്തേക്ക് മെട്രോ നീട്ടുന്നതിനായി സ്ഥലം വിട്ടുനൽകിയ 134 ഭൂവുടമകൾക്ക് വില നൽകാൻ 100 കോടി രൂപ അനുവദിച്ചു. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഉടമകൾക്കും വാടകക്കാരായ വ്യാപാരികൾക്കും 69 കോടി രൂപ നൽകും. ബാക്കി തുക പൂണിത്തുറ, ഇടപ്പള്ളി സൗത്ത് വില്ലേജ് പരിധിയിലെ 33 ഭൂവുടമകൾക്കാണ് നൽകുന്നത്. ഭൂമി വിട്ടു കൊടുത്ത ഉടമകൾ മാസങ്ങൾക്ക് മുമ്പ് ജില്ലാ ഭരണകൂടത്തിന് ആധാരം കൈമാറിയിരുന്നു. അടിയന്തരമായി 100 കോടി രൂപ ആവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നിരവധി തവണ കെഎംആർഎലിന് കത്തയച്ചിരുന്നു.
സർക്കാർ അനുവദിച്ച തുക കെഎംആർഎൽ അക്കൗണ്ടിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പണം ലഭിച്ചാലുടൻ കളക്ടർക്ക് കൈമാറും. വാഴക്കാല വില്ലേജ് പരിധിയിലെ 101 ഭൂവുടമകൾ സിവിൽ ലൈൻ റോഡിൽ ഭൂമി വിട്ടുകൊടുക്കുന്നവരാണ്. ആദ്യ ഘട്ടത്തിൽ ഭൂമി ഏറ്റെടുക്കലിന് 130 കോടി രൂപയും റോഡ് വീതി കൂട്ടാൻ 59 കോടി രൂപയും അനുവദിച്ചിരുന്നു. അവശേഷിക്കുന്ന ഫണ്ട് ലഭ്യമല്ലാത്തതിനാൽ ഒൻപത് മാസമായി ഭൂമിയുടെ വില വിതരണം സ്തംഭിച്ചിരുന്നു.
വാടകക്കാരായ പല വ്യാപാരികൾക്കും ഇനിയും നഷ്ടപരിഹാരം നൽകാനുണ്ട്. കാക്കനാട് വില്ലേജ് പരിധിയിലെ എല്ലാ പ്ലോട്ടുകൾക്കും വില അനുവദിച്ചു. കെട്ടിട ഉടമകൾക്കും വാണിജ്യ സ്ഥാപനങ്ങളിലെ വാടകക്കാർക്കും വെവ്വേറെ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. പുനരധിവാസ പാക്കേജിന് കീഴിലുള്ള ആനുകൂല്യവും നൽകുന്നുണ്ട്. കലൂർ സ്റ്റേഡിയത്തിൽ നിന്ന് പാലാരിവട്ടം സിവിൽ ലൈൻ റോഡ് വഴി ബൈപ്പാസ് കടന്ന് ആലിൻചുവട്, ചെമ്പുമുക്ക്, വാഴക്കാല, പടമുകൾ വഴി ലിങ്ക് റോഡ് വഴി സീപോർട്ട്-എയർപോർട്ട് റോഡിലെത്തി എത്തി ഈച്ചമുക്ക്, ചിറ്റേത്തുകര ഐടി റോഡ് വഴിയാണ് മെട്രോ റെയിൽ ഇൻഫോപാർക്കിലെത്തുക.