വ്യാപാരികളുടെ ഉറക്കംകെടുത്തിയ കുട്ടിക്കുരങ്ങന് വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ടു
രാജാക്കാട്: രാജാക്കാട്ടെ വ്യാപാരികളുടെ ഉറക്കംകെടുത്തിയ കുട്ടിക്കുരങ്ങന് വനംവകുപ്പിന്റെ കെണിയില്‍ അകപ്പെട്ടു.
കുരങ്ങിനെ ചിന്നാര്‍ വനത്തില്‍ തുറന്നുവിട്ടു. രണ്ടാഴ്ചയോളമായി രാജാക്കാട് ടൗണില്‍ കുട്ടിക്കുരങ്ങന് വ്യാപാരികള്‍ക്കും വീട്ടുകാര്‍ക്കും ശല്യമായി ചുറ്റി നടക്കുകയായിരുന്നു.
ഗവ. സ്കൂളിലെ സിസിടിവി കാമറ നശിപ്പിച്ച കുരങ്ങന് ടൗണിലേക്കിറങ്ങി കടയിലിരിക്കുന്ന പലഹാരങ്ങളും തൂക്കിയിട്ടിരിക്കുന്ന പഴക്കുലകളും അടിച്ചുമാറ്റുകയായിരുന്നു. ടൗണിലെ സ്ഥാപനങ്ങളുടെ മേല്‍ക്കൂരയും ഫ്ളെക്സ് ബോര്‍ഡുകളും നശിപ്പിച്ചു. സമീപത്തെ വീടുകളിലെ വസ്ത്രങ്ങള്‍ എടുത്തുകൊണ്ടു പോകും.
കുട്ടികളെ ഉപദ്രവിക്കുന്ന ഘട്ടംവരെ കാര്യങ്ങള്‍ എത്തി. പ്രശ്നം ഗുരുതരമായപ്പോള്‍ വ്യാപാരികള്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. പൊന്മുടി ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥരെത്തി സ്ഥാപിച്ച കെണിയില്‍ കുരങ്ങന് ഒടുവില്‍ കുടുങ്ങി.
കുരങ്ങിനെ പൊന്മുടി ബീറ്റ് ഫോറസ്റ്റര്‍ സി.കെ. സുജിത്, ഗാര്‍ഡുമാരായ ബിനീഷ് ജോസ്, ജിന്േറാമോന് വര്‍ഗീസ് എന്നിവര്‍ ദേവികുളം റാപ്പിഡ് റെസ്പോണ്‍സ് ടീം ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ആര്. രഞ്ജിതിനും സംഘത്തിനും കൈമാറി.