സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലേക്കു കേരളം കടക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സമ്ബൂര്‍ണ സാക്ഷരതാ പ്രവര്‍ത്തനങ്ങളുടെ മാതൃകയില്‍ സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതാ പ്രവര്‍ത്തനങ്ങളിലേക്കു കേരളം കടക്കണമെന്നും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍.
സൈബര്‍ ഓണ്‍ലൈന്‍ കുറ്റകൃത്യങ്ങളില്‍നിന്നു കുട്ടികളെ സംരക്ഷിക്കുന്നതിനും നിയമസഹായം ലഭ്യമാക്കി അവരെ ജീവിതത്തിലേക്കു തിരികെ എത്തിക്കുന്നതിനുമായി കേരള പൊലീസ് നടപ്പാക്കുന്ന കൂട്ട് എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബര്‍ ലോകത്തുണ്ടാകുന്ന ചതിക്കുഴികളില്‍ ഏറ്റവും കൂടുതല്‍ ഇരയാകുന്നതു കുട്ടികളാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പലതരത്തില്‍ പ്രലോഭിപ്പിച്ചും തെറ്റിദ്ധരിപ്പിച്ചും ഇത്തരം ചതിക്കുഴികള്‍ കുട്ടികളെ ഇരയാക്കുന്നുണ്ട്. ആത്മഹത്യയിലേക്കുവരെ തള്ളിവിടുന്ന അവസ്ഥ ഇതുമൂലമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ ശരിയായ ജാഗ്രത പാലിച്ചുപോകാന്‍ കഴിയണം. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ നേരിടുന്നതിന് മാതൃകാപരമായ നടപടികള്‍ സ്വീകരിക്കണം.
കോവിഡ് കാലത്ത് വിദ്യാഭ്യാസ രംഗത്തുണ്ടായ സ്തംഭനാവസ്ഥ മറികടക്കാന്‍ സഹായിച്ചത് ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണ്. വ്യാപകമായി കുട്ടികള്‍ ഓണ്‍ലൈന്‍ ലോകത്തേക്കു കടന്നപ്പോള്‍ ചെറിയ കുട്ടികളടക്കം സൈബര്‍ രംഗം വലിയ തോതില്‍ പരിചയപ്പെട്ടു. ഇപ്പോള്‍ അതു ജീവിതത്തിന്റെ ഭാഗമായി. ഇത് ഒഴിവാക്കി മുന്നോട്ടുപോകാന്‍ കഴിയില്ല. ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഓണ്‍ലൈന്‍ സമ്ബ്രദായം വ്യാപകമാകുന്ന കാലഘട്ടത്തില്‍ സൈബര്‍ രംഗത്തെക്കുറിച്ചു കൃത്യമായ ധാരണയുണ്ടാകുകയെന്നതു പ്രധാനമാണ്.
സമ്ബൂര്‍ണ സാക്ഷരത പ്രഖ്യാപിച്ചുള്ള വലിയ ക്യാംപെയിന്‍ കേരളം നടത്തിയപ്പോഴാണു കേരളത്തിലെ മുഴുവന്‍ ആളുകളും സാക്ഷരരായി മാറിയത്. ഇപ്പോള്‍ എല്ലാവരുടേയും കൈയില്‍ ഫോണുകളുണ്ട്. ഏറിയകൂറും സ്മാര്‍ട്ട്ഫോണാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പൂര്‍ണമായ അറിവ് സമൂഹത്തില്‍ എല്ലാവര്‍ക്കുമുണ്ടായെന്നു പറയാനാകില്ല. ഇവിടെയാണു സമ്ബൂര്‍ണ ഡിജിറ്റല്‍ സാക്ഷരതയുടെ ആവശ്യം. സൈബര്‍ സുരക്ഷാ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനമാണു സംസ്ഥാന പൊലീസ് നടത്തുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ കൂട്ട് പദ്ധതിക്കു കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത്, വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം, ബച്പന്‍ ബചാവോ ആന്തോളന്‍ സി.ഇ.ഒ. രജനി സേഖ്രി സിബല്‍, കൗണ്‍സിലര്‍ രാഖി രവികുമാര്‍, ദക്ഷിണ മേഖലാ ഐജി പി. പ്രകാശ്, ഡി.ഐ.ജി. ആര്‍. നിശാന്തിനി, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ബാബു, മെറ്റാ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി മേധാവി വിജയന്‍ പമാരതി, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വിന്‍സന്റ് തുടങ്ങിയവര്‍ പങ്കെടുത്തു.