പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നു ; ഇടുക്കി കട്ടപ്പന മേരികുളത്താണ് സംഭവം
ഇടുക്കി: പത്തുവയസുകാരിയെ തലയ്ക്കടിച്ച് വീഴ്ത്തി ആഭരണങ്ങള്‍ കവര്‍ന്നു. ഇടുക്കി കട്ടപ്പന മേരികുളത്താണ് സംഭവം.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി സ്കൂള്‍ ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നിതനിടെയാണ് സംഭവം. പിന്നാലെയെത്തി ആരോ തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു. കുട്ടിയുടെ സ്വര്‍ണക്കമ്മലും വെള്ളിക്കൊലുസുമാണ് കവര്‍ന്നത്.
ചൊവ്വാഴ്ച വൈകിട്ട് നാലേമുക്കാലോടെയാണു സംഭവം. പെണ്‍കുട്ടി ചപ്പാത്തിനു സമീപം സ്കൂള്‍ ബസില്‍ വന്നിറങ്ങിയശേഷം അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടിലേക്കു നടന്നു പോകുകയായിരുന്നു. ഈ സമയത്താണ് കുട്ടിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ വീടിന് 300 മീറ്റര്‍ അകലെയായിരുന്നു ആക്രമണം.
കുട്ടിയെ കാണാതെ വന്നതോടെ പിതൃമാതാവ് അന്വേഷിച്ച് എത്തിയപ്പോള്‍ റോഡില്‍ ചെരിപ്പും സ്കൂള്‍ ബാഗും കണ്ടു. തുടര്‍ന്നാണ് തേയിലച്ചെടികള്‍ക്കിടയില്‍ ബോധരഹിതയായി കിടക്കുന്ന കുട്ടിയെ കണ്ടത്. ഉടന്‍തന്നെ നാട്ടുകാരെ വിവരം അറിയിച്ച് കുട്ടിയെ കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.