സെക്രട്ടേറിയറ്റ് അതീവ സുരക്ഷാ മേഖല; സിനിമാ-സീരിയൽ ഷൂട്ടിങ്ങിന് ഇനി അനുമതിയില്ല
തിരുവനന്തപുരം: സെക്രട്ടേറിയറ്റിലും പരിസരത്തും സിനിമ, സീരിയൽ, ഡോക്യുമെന്‍ററി ഷൂട്ടിംഗ് നിരോധിച്ചു. ഇനി മുതൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് മാത്രമായിരിക്കും ഷൂട്ടിംഗ് അനുവദിക്കുക. സെക്രട്ടേറിയറ്റിന്‍റെ കോമ്പൗണ്ടിനകത്തും പരിസരത്തും സുരക്ഷാ മേഖലയുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലും ചിത്രീകരണം അനുവദിക്കില്ലെന്ന് കാണിച്ച് ആഭ്യന്തര വകുപ്പ് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.
സിനിമ, സീരിയൽ ഷൂട്ടിംഗുകൾക്കായി ധാരാളം അപേക്ഷകൾ സർക്കാറിന് ലഭിക്കുന്നുണ്ട്. നേരത്തെ സിനിമ, സീരിയൽ ചിത്രീകരണത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ സെക്രട്ടേറിയറ്റിനും ജീവനക്കാർക്കും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്കും തലവേദന സൃഷ്ടിക്കുന്നുണ്ടെന്ന് സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.
സിനിമയുടെ ചിത്രീകരണത്തിനായി ധാരാളം ആളുകൾ സെക്രട്ടേറിയറ്റിലേക്ക് എത്തുന്നുണ്ട്. അവരെയെല്ലാം പരിശോധിച്ച് അകത്തേക്ക് കടത്തിവിടുക എന്നത് ബുദ്ധിമുട്ടുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സംബന്ധിച്ചിടത്തോളം ഒരു ശ്രമകരമായ ദൗത്യമാണ്. ഷൂട്ടിംഗിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റിനുള്ളിൽ ഭക്ഷ്യവിതരണം നടത്തുന്നത് ഉൾപ്പെടെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണെന്നും സർക്കുലറിൽ പറയുന്നു.