താപനില താഴ്ന്നതോടെ മൂന്നാറില്‍ മഞ്ഞും തണുപ്പും ശക്തമായി
മൂന്നാര്‍: കഴിഞ്ഞവര്‍ഷത്തെക്കാള്‍ ശക്തമായ മഴയോടെയാണ് മൂന്നാറില്‍ ജൂലൈ മാസത്തിന്‍റെ തുടക്കം. ശക്തമായ മഴ ദിവസങ്ങളോളം നീളുമെന്നാണ് മുന്നറിയിപ്പ്.
താപനില താഴ്ന്നതോടെ മേഖലയില്‍ മഞ്ഞും തണുപ്പും ശക്തമായി.
കഴിഞ്ഞവര്‍ഷം ജൂലൈ ഒന്ന് മുതല്‍ ആറുവരെയുള്ള തീയതികളില്‍ 1.87 സെന്റിമീറ്റര്‍ മഴപെയ്തപ്പോള്‍ ഈവര്‍ഷം അതേ കാലയളവില്‍ 13 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. ജൂലൈ നാലിന് 4.82 സെന്റിമീറ്റര്‍ മഴയും അഞ്ചാംതീയതി 2.49 സെന്റിമീറ്റര്‍ മഴയും പെയ്തു.
കഴിഞ്ഞവര്‍ഷം ജൂലൈ ആദ്യപകുതി ദുര്‍ബലമായിരുന്നുവെങ്കിലും രണ്ടാംപകുതിയില്‍ മഴ ശക്തമായിരുന്നു. മാട്ടുപ്പെട്ടിയിലെ മഴമാപിനിയിലാണ് വര്‍ഷകാലക്കണക്ക് രേഖപ്പെടുത്തിയത്.മാട്ടുപ്പെട്ടിക്കുപുറമേ, എല്ലപ്പെട്ടി, ചിറ്റുവാര, കുണ്ടള, അരുവിക്കാട് പ്രദേശങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്.
മൂന്നാര്‍ ടൗണിലും സമീപ പ്രദേശങ്ങളിലും മഴയുടെ തോത് സമാനമായിരുന്നു. സെവന്‍മല, ലക്ഷ്മി, കന്നിമല ടോപ്പ് എന്നിവിടങ്ങളിലും മഴ ശക്തമായി തുടരുകയാണ്. മൂന്നാറിലെ ഉയര്‍ന്ന താപനില 18 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് ഉയര്‍ന്നില്ല. 16 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില.