ജില്ലയില്‍ ശക്‌തമായ കാറ്റും മഴയും നാശം വിതയ്‌ക്കുന്നു
രാജകുമാരി: ജില്ലയില്‍ ശക്‌തമായ കാറ്റും മഴയും നാശം വിതയ്‌ക്കുന്നു. ഉടുമ്പഞ്ചോല താലൂക്കിലെ വിവിധയിടങ്ങളില്‍ മരം വീണ് മൂന്നു പേര്‍ മരിച്ചു.
കഴിഞ്ഞദിവസം ഏലപ്പാറയിലും ആനച്ചാലിലും മണ്ണിടിഞ്ഞു വീണ് രണ്ടുപേര്‍ മരിച്ചിരുന്നു.
ഇന്നലെ മണ്ണിടിഞ്ഞും മരം കടപുഴകി വീണും വിവിധ മേഖലകളില്‍ റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടു. രാജകുമാരി മുരിക്കുംത്തൊട്ടിയില്‍ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു. മുരിക്കുംത്തൊട്ടി മട്ടക്കല്‍ ജോസിന്റെ വീടിന് മുകളിലേയ്‌ക്കാണ് മരം കടപുഴകി വീണത്. ഈ സമയം വീടിനകത്ത് ആളുകള്‍ ഉണ്ടായിരുന്നെങ്കിലും ഇവര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
വീടിന്റെ മേച്ചില്‍ ഷീറ്റ് തകര്‍ന്നിട്ടുണ്ട്.
രാജകുമാരി നോര്‍ത്ത് റോഡില്‍ വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണ് അപകടം ഉണ്ടായി. മരം വീണ് ഇലക്‌ട്രിക് പോസ്‌റ്റും വൈദ്യുതി ലൈനും റോഡിലേയ്‌ക്ക് പതിച്ചു. ഇതുവഴി വന്ന ജീപ്പ് യാത്രികര്‍ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. മാവറസിറ്റിയില്‍ വയോധികയുടെ വീടിനു മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ആറ്റുംകരയില്‍ അന്നക്കുട്ടിയുടെ വീടിനു മുകളിലേക്കാണ് പകല്‍ 12 ന് വന്‍ മരം ഒടിഞ്ഞു വീണത്.
അന്നക്കുട്ടിയും അസുഖബാധിതനായ മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കില്ല. വീടിന്റെ അടുക്കള ഭാഗത്തെ ഷീറ്റ് മേല്‍ക്കൂര തകര്‍ന്നു. പല മേഖലകളിലും വൈദ്യുതി തടസം നേരിടുന്നുണ്ട്.