വൈദ്യുതി ഉത്പാദനത്തിൽ വൻ കുതിപ്പിന് വഴിതുറക്കുന്ന ഇടുക്കി രണ്ടാം നിലയത്തിന്റെ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിന്റെ ഒന്നാംഘട്ട പാരിസ്ഥിതികാനുമതിയായി
വൈദ്യുതി ഉത്പാദനത്തിൽ വൻ കുതിപ്പിന് വഴിതുറക്കുന്ന ഇടുക്കി രണ്ടാം നിലയത്തിന്റെ നിർമ്മാണത്തിന് കേന്ദ്ര സർക്കാരിന്റെ ഒന്നാംഘട്ട പാരിസ്ഥിതികാനുമതിയായി. നിലയം വന്നാൽ, വൈദ്യുതി വാങ്ങൽ ചെലവ് വലിയൊരളവ് കുറയ്ക്കാം. പീക്ക് അവറിലെ വൈദ്യുതി കമ്മിയും ഒഴിവാകും. 2667.67കോടി രൂപയാണ് പദ്ധതിച്ചെലവ്.കേന്ദ്ര സർക്കാരിന്റെ വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന വകുപ്പിന് കീഴിൽ ഡോ.കെ.ഗോപകുമാർ ചെയർമാനായുള്ള പത്തംഗ എക്സ്‌പർട്ട് അപ്രൈസൽ കമ്മിറ്റിയാണ് അനുമതി നൽകിയത്.
ആറു മാസത്തിനുള്ളിൽ പരിസ്ഥിതി,ജൈവ വൈവിദ്ധ്യസംരക്ഷണ റിപ്പോർട്ടും ദുരന്തനിവാരണ മുൻകരുതൽ റിപ്പോർട്ടും പന്ത്രണ്ട് മാസത്തിനുള്ളിൽ വിശദ പദ്ധതിരേഖയും (ഡി.പി.ആർ) സമർപ്പിക്കണം.കേന്ദ്ര വൈദ്യുതി അതോറിറ്റിയുടെയും കേന്ദ്ര ജലക്കമ്മിഷന്റെയും പ്രീ ഫീസിബിലിറ്റി റിപ്പോർട്ടിനാവശ്യമായ ഒമ്പത് അനുമതികൾ 2023 ജനുവരിയിൽ ലഭ്യമാകും. രണ്ടാംഘട്ട പാരിസ്ഥിതികാനുമതി 2023 മാർച്ചിൽ കിട്ടുമെന്നാണ് പ്രതീക്ഷ. ഉടൻ ടെൻഡർ വിളിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. ഇതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.അഞ്ച് വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കും.
ഇതോടെ കൊയ്‌നയും തേഹ്‌രിയും പേലെ രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതികളിലൊന്നായി ഇടുക്കി മാറും.നിലവിലെ വൈദ്യുത നിലയത്തിന് 2026ൽ 50 വർഷം പൂർത്തിയാകും. പുതിയ നിലയം പ്രവർത്തന സജ്ജമാകുന്നതോടെ നിലവിലേത് പരിഷ്കരിച്ച് ശേഷി കൂട്ടും.130 മെഗാവാട്ട് ശേഷിയുള്ള ആറ് ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്. രണ്ടാം നിലയത്തിൽ 200 മെഗാവാട്ട് ശേഷിയുള്ള നാല് ജനറേറ്ററുകൾ. 1361.27 ജിഗാവാട്ട് പ്രതിവർഷ ഉത്പാദന ശേഷി.വൃഷ്ടി പ്രദേശത്തുള്ള 52 ടി.എം.സി ജലം സംഭരിക്കാൻ കഴിയുന്ന ഇടുക്കി റിസർവോയറിന് 2000 മെഗാവാട്ട് വൈദ്യുതി ഉൽപ്പാദന ശേഷി കൈവരിക്കാനാകും.
പ്രതിദിനം ഏഴു ദശലക്ഷം ക്യുബിക് മീറ്റർ ജല വിനിയോഗത്തിനും പദ്ധതി ഉപയോഗിക്കാം. നിലവിൽ ഒഴുക്കിക്കളയുന്ന ജലത്തിന്റെ അളവ് ഗണ്യമായി കുറയ്ക്കാനുമാകും