ഐപിഎൽ സംപ്രേഷണാവകാശം: ഡിജിറ്റൽ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ വയാകോം 18
ഇന്ത്യൻ പ്രീമിയർ ലീഗിൻെറ (IPL) 2023-2027 വർഷങ്ങളിലേക്കുള്ള സംപ്രേഷണാവകാശത്തിന് വേണ്ടിയുള്ള ലേലം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് ആ വലിയ വാർത്ത പുറത്ത് വന്നത്. ആമസോൺ പ്രൈം സ്പോർട്ട് ലേലത്തിന് ഇല്ലെന്ന് അറിയിച്ച് കൊണ്ടുള്ള പ്രഖ്യാപനമായിരുന്നു അത്. അമേരിക്കൻ യൂറോപ്യൻ മാർക്കറ്റുകളിലെ വമ്പൻമാരാണ് പ്രൈം സ്പോർട്ട്. കഴിഞ്ഞ കുറച്ച് കാലമായി അവർ ക്രിക്കറ്റിൽ, പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ന്യൂസിലൻറിൻെറ മത്സരങ്ങളുടെ അവകാശം നേടിയെടുത്താണ് അവർ ക്രിക്കറ്റിൽ തുടക്കമിട്ടത്. ഐപിഎൽ അവകാശങ്ങളിലെ പാക്കേജ് സിയിലായിരുന്നു ആമസോൺ പ്രധാനമായും നോട്ടമിട്ടിരുന്നത്. എന്താണ് പാക്കേജ് സി? പാക്കേജ് എ പ്രധാനമായും ടിവി സംപ്രേഷണ അവകാശവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. പാക്കേജ് ബിയിൽ ഡിജിറ്റൽ അവകാശം വരുന്നു. അഞ്ച് സീസണുകളിലുമുള്ള 98 നോൺ എക്സ്ക്ലൂസീവ് മത്സരങ്ങളാണ് പാക്കേജ് സിയിൽ വരുന്നത്. 410 മത്സരങ്ങൾ ടിവിയിൽ ലഭ്യമാവുമെന്നത് പാക്കേജ് എയും, 410 മത്സരങ്ങൾ ഡിജിറ്റലിൽ ലഭ്യമാവുന്നത് പാക്കേജ് ബിയും 98 നോൺ-എക്‌സ്‌ക്ലൂസീവ് മത്സരങ്ങൾ ഡിജിറ്റൽ പ്ലാറ്റ്ഫോമിലെന്നത് പാക്കേജ് സിയുമാണ്. വ്യത്യസ്ത പാക്കേജുകളിലൂടെ ബിസിസിഐ ലക്ഷ്യമിട്ടത് വരുന്ന അഞ്ച് വർഷത്തെ ഐപിഎല്ലിന് രണ്ടോ അതിലധികമോ ബ്രോഡ്കാസ്റ്റേഴ്സിനെ ലഭ്യമാക്കുകയെന്നതാണ്.എന്താണോ ലക്ഷ്യം വെച്ചത് അത് നടപ്പിലാക്കാൻ ബിസിസിഐക്ക് സാധിച്ചു. ഐപിഎല്ലിൻെറ മൊത്തം മീഡിയ അവകാശം 48,400 കോടി രൂപയ്ക്കാണ് വിറ്റ് പോയിരിക്കുന്നത്. എൻഎഫ്എൽ കഴിഞ്ഞാൽ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ മൂല്യമുള്ള രണ്ടാമത്തെ കായിക ഇവൻറായി ഐപിഎൽ ഇതോടെ മാറിയിരിക്കുകയാണ്. ടിവി സംപ്രേഷണാവകാശം 23,575 കോടി രൂപയ്ക്ക് ഡിസ്നി (സ്റ്റാർ) നിലനിർത്തി..