ഇലക്ട്രിക് ബസുകളിലേക്ക് ചുവടുമാറാൻ കെഎസ്ആർടിസി; അഞ്ച് ബസുകൾ ഉടനെത്തും


തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സിറ്റി സർക്കുലർ സർവീസിനായി ഇലക്ട്രിക് ബസുകൾ തിരുവനന്തപുരത്ത് എത്തുന്നു. ഹരിയാനയിലെ ഫാക്ടറിയിൽ നിന്നാണ് അഞ്ച് ബസുകൾ പുറപ്പെട്ടത്. 10 ബസുകൾ കൂടി ഉടൻ എത്തും. സിറ്റി സർക്കുലർ സർവീസ് ലാഭകരമാക്കാനാണ് ഇലക്ട്രിക് ബസുകളിലേക്കുള്ള മാറ്റം.
നിലവിൽ ലോ ഫ്ലോർ ബസുകളാണ് സിറ്റി സർക്കുലറിനായി സർവീസ് നടത്തുന്നത്. നഷ്ടത്തിലോടുന്ന റൂട്ടുകളിലാണ് ഇലക്ട്രിക് ബസുകൾ ആദ്യം നൽകുക. അവിടെ ഓടുന്ന റെഡ് ബസുകളെ ഷട്ടിൽ സർവീസിന് നിയോഗിക്കും. ഹരിയാനയിൽ നിന്ന് പുറപ്പെട്ട ബസുകൾ മൂന്ന് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്ത് എത്തുമെന്ന് അധികൃതർ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ യാത്രക്കാരുടെ അഭാവത്തിൻ ഏറെ പഴികേട്ട സർക്കുലർ സ്ഥിതിഗതികളെ മെച്ചപ്പെടുത്തുകയാണ്. പ്രതിദിനം 25,000 യാത്രക്കാരാണ് സിറ്റി സർക്കുലറിൽ മാത്രം യാത്രക്കാരായതെന്നാണ് കെ.എസ്.ആർ.ടി.സിയുടെ കണക്ക്. പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം പ്രതിദിന കളക്ഷനും 2.5 ലക്ഷം രൂപയായി ഉയർന്നു.