ലോക കേരള സഭയുടെ മൂന്നാം സമ്മേളനം ; ഇന്ന് മുതൽ ജൂൺ 18 വരെ


തിരുവനന്തപുരം : ലോക കേരള സഭയുടെ മൂന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂൺ 18 വരെ നീണ്ടുനിൽക്കുന്ന ലോക കേരള സഭയിൽ 65 രാജ്യങ്ങളിൽ നിന്നും 21 സംസ്ഥാനങ്ങളിൽ നിന്നും പങ്കാളിത്തമുണ്ടാകും. അതേസമയം, സമ്മേളനത്തിൽ പങ്കെടുക്കുമോ എന്ന കാര്യത്തിൽ പ്രതിപക്ഷം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല.
പ്രളയം, കൊവിഡ്, യുക്രൈൻ യുദ്ധം തുടങ്ങിയ വിഷയങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾക്കിടയിലാണ് മൂന്നാം ലോക കേരള സഭ യോഗം ചേരുന്നത്. നിയമസഭാ മന്ദിരത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിഷയാധിഷ്ഠിതമായ 8 ചർച്ചകൾ നടക്കും. 351 അംഗ സഭയിൽ കേരളത്തിൽ നിന്നുള്ള നിലവിലെ നിയമസഭാംഗങ്ങൾ, കേരളത്തിൽ നിന്നുള്ള ഇന്ത്യൻ പാർലമെന്റ് അംഗങ്ങൾ, കേരള സർക്കാർ നാമനിർദ്ദേശം ചെയ്ത ഇന്ത്യൻ പൗരത്വമുള്ള പ്രവാസി മലയാളികൾ, മടങ്ങിയെത്തിയ പ്രവാസികളുടെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും. 2022 ലെ ബജറ്റിൽ ലോക കേരള സഭയ്ക്ക് മൂന്ന് കോടി രൂപയും ആഗോള സാംസ്കാരികോത്സവത്തിന് ഒരു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിക്കിടെ നാല് കോടി രൂപ ചെലവിൽ സമ്മേളനം സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ലോക കേരള സഭയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് യു.ഡി.എഫ് ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.