‘മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടി’
കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായും കുടുംബവുമായും നിരവധി തവണ ചർച്ച നടത്തിയെന്ന് സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യമൊഴി പുറത്തുവരുന്നതിന് മുമ്പ്, സ്വപ്ന കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത്.
മകളുടെ ബിസിനസിനായി മുഖ്യമന്ത്രി ഷാർജ ഭരണാധികാരിയുടെ സഹായം തേടിയെന്നാണ് സ്വപ്നയുടെ ആരോപണം. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് വിവിധ ഭീഷണികൾ നേരിടുന്നുണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചപ്പോഴാണ് സത്യവാങ്മൂലം നൽകിയത്. എറണാകുളം സെഷൻസ് കോടതിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.
2017ൽ ഷാർജ ഭരണാധികാരി തൻറെ കേരള സന്ദർശന വേളയിൽ ക്ലിഫ് ഹൗസ് സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അദ്ദേഹത്തിൻറെ കുടുംബം ഷാർജ ഭരണാധികാരിയെ ബിസിനസ് താൽപര്യം അറിയിച്ചെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ പറയുന്നു. ഷാർജയിൽ ഐടി സംരംഭം ആരംഭിക്കാൻ മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ താൽപര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഷാർജയുടെ എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.