കേരള ന്യൂസ്
കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്


കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി അമ്പലത്ത് കുളങ്ങരയിലെ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. ബുധനാഴ്ച പുലർച്ചെയാണ് കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറുണ്ടായത്. ഈ സമയം ഓഫീസിൽ ആരും ഉണ്ടായിരുന്നില്ല. ഓഫീസിൻറെ ജനൽ ചില്ലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ആളൊഴിഞ്ഞ പ്രദേശത്ത് കെട്ടിടത്തിൻറെ മൂന്നാം നിലയിലാണ് പാർട്ടി ഓഫീസ് സ്ഥിതി ചെയ്യുന്നത്. അതിനു താഴെ ഒരു ലൈബ്രറിയും കടയുമുണ്ട്. റോഡിൽ നിന്ന് ബോംബ് എറിഞ്ഞാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കുറ്റ്യാടി സർക്കിൾ ഇൻസ്പെക്ടറും സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
ഫോറൻസിക് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.