വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ചവർ സി.ഐ.എസ്.എഫ് കസ്റ്റഡിയിൽ
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ സി.ഐ.എസ്.എഫ് കസ്റ്റഡിയിലെടുത്തു. എയർപോർട്ട് അതോറിറ്റിയുടെ റിപ്പോർട്ട് ലഭിച്ചാലുടൻ പൊലീസ് കേസെടുക്കും. ഏത് വകുപ്പാണ് ചുമത്തേണ്ടതെന്ന് നിയമ പരിശോധന നടത്തും. ഇവരെ വലിയതുറ പൊലീസിൻ കൈമാറും.
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻറ് ഫർദീൻ മജീദ്, കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ വിമാനത്തിലുണ്ടായിരുന്നത്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ സമരക്കാരെ തള്ളിമാറ്റി. ഇതേതുടർന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരും ഇടപെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.
എന്നാൽ, യുവാക്കളെ വിമാനത്തിൽ കയറ്റുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് എയർപോർട്ട് എസ്എച്ച്ഒ ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തിലുണ്ടായിരുന്ന എല്ലാവരെയും പരിശോധിച്ചിരുന്നു. ഈ യുവാക്കളുടെ ആവശ്യം ന്യായമായിരുന്നെന്നും അതാണ് കയറ്റി വിട്ടതെന്നുമാണ് എയർപോർട്ട് പൊലീസ് ആവർത്തിക്കുന്നത്. ഇൻറലിജൻസ് വിഭാഗത്തെ വിവരം അറിയിച്ചതായും എയർപോർട്ട് പൊലീസ് അറിയിച്ചു.