കേരള ന്യൂസ്
പൊലീസ് ജീപ്പിൽ ടോറസ് ലോറിയിടിച്ച് പൊലീസുകാർക്ക് പരിക്കേറ്റു


ബാലരാമപുരം: പ്രതികളെ പിടികൂടാൻ പോകുകയായിരുന്ന പൊലീസ് ജീപ്പിൽ, ടോറസ് ലോറിയിടിച്ച് പൊലീസുകാർക്ക് നിസ്സാര പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 2.30ന് തിരുവനന്തപുരം ബാലരാമപുരം കൊടിനട ജംഗ്ഷനിൽ ആയിരുന്നു സംഭവം.
പോത്തൻകോട് പൊലീസ് സ്റ്റേഷനിൽ നിന്ന് വെള്ളറടയിലേക്ക് പോകുകയായിരുന്ന പൊലീസ് ജീപ്പിൽ, തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫീസർ മിഥുൻ, പ്രിൻസിപ്പൽ എസ്.ഐ രാജീവ്, ഡ്രൈവർ മനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ലോറി ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ജീപ്പിൽ എയർബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടത്. ലോറി ഡ്രൈവർ കളിയിക്കാവിള സ്വദേശി വിനായകിനെതിരെ (24) ബാലരാമപുരം പൊലീസ് കേസെടുത്തു.