ബൂട്ടഴിച്ച് ഗാരെത് ബെയ്ൽ; അന്താരാഷ്ട്ര-ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

വിഖ്യാത താരം ഗാരെത് ബെയ്ൽ പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞു. തന്‍റെ അന്താരാഷ്ട്ര ക്ലബ് ഫുട്ബോൾ കരിയർ അവസാനിപ്പിക്കുകയാണെന്ന് ബെയ്ൽ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു.
വെയിൽസ് ദേശീയ ടീമിന്‍റെയും അമേരിക്കൻ ക്ലബ്ബായ ലോസ് ആഞ്ജലീസ് എഫ്സിയുടെയും കളിക്കാരനാണ് 33 കാരനായ ബെയ്ൽ. ഖത്തർ ലോകകപ്പിൽ ബെയ്ൽ അവസാനമായി വെയിൽസിനായാണ് കളിച്ചത്. വെയിൽസ് ഫുട്ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായി വാഴ്ത്തപ്പെട്ട ബെയ്ൽ 2006 ൽ ഇംഗ്ലീഷ് ക്ലബ് സതാംപ്ടണിലൂടെയാണ് കരിയർ ആരംഭിച്ചത്. പിന്നീട് അദ്ദേഹം ടോട്ടനമിലെത്തി.
ടോട്ടനമിലെ തകർപ്പൻ പ്രകടനത്തിലൂടെ ബെയ്ലിനെ റയൽ മാഡ്രിഡ് സ്വന്തമാക്കി. വിങ്ങറായ ബെയ്ൽ തന്‍റെ വേഗതയുടെ പേരിൽ ശ്രദ്ധേയനായിരുന്നു. റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ബെയ്ൽ നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ബെയ്ൽ റയൽ വിട്ട് അമേരിക്കയിലേക്ക് പോയത്. വെയ്ൽസ് ദേശീയ ടീമിനായി 111 മത്സരങ്ങൾ കളിച്ച ബെയ്ൽ 41 ഗോളുകൾ നേടിയിട്ടുണ്ട്.