ജനപ്രിയ ബ്രാൻഡിന് ക്ഷാമം; വിറ്റഴിക്കുന്നത് വിലയേറിയ മദ്യം; കോടികൾ നേട്ടമുണ്ടാക്കി ബവ്കോ
ജനപ്രിയ മദ്യബ്രാന്‍ഡുകള്‍ക്ക് ഔട്ലെറ്റുകളില്‍ കടുത്ത ക്ഷാമം നേരിടുമ്പോഴും വരുമാനം വര്‍ധിപ്പിച്ച് ബവ്കോ. കഴിഞ്ഞ രണ്ടാഴ്ചത്തെ വരുമാനം മുന്‍ ആഴ്ചകളെക്കാള്‍ രണ്ടു കോടി എഴുപത്താറ് ലക്ഷം രൂപ വര്‍ധിച്ചെന്നാണ് അനൗദ്യോഗിക കണക്ക്. വിലകുറഞ്ഞ മദ്യത്തിനായി എത്തുന്നവര്‍ അതു കിട്ടാതാകുമ്പോള്‍ വിലകൂടിയ മദ്യം വാങ്ങാന്‍ നിര്‍ബന്ധിക്കപ്പെട്ടതോടെയാണ് വരുമാനം വര്‍ധിച്ചത്.
മദ്യം വാങ്ങാനെത്തുന്നവരുടെ കീശ ചോരുമ്പോഴും ബവ്കോയുടെ കീശ വീര്‍ക്കുകയാണ്. കൗണ്ടറിലെത്തുന്നയാള്‍ ആവശ്യപ്പെടുന്ന മദ്യം കിട്ടാതെ വരുമ്പോള്‍ കിട്ടിയതും വാങ്ങി സ്ഥലം വിടുന്നതോടെയാണ് ബവ്കോയ്ക്ക് വരുമാനത്തില്‍ ലോട്ടറിയടിച്ചത്. ജനപ്രിയ മദ്യ ബ്രാന്‍ഡുകളായ ഹണീ ബീ, ഒ.പി.ആര്‍, ഒ.സി.ആര്‍ തുടങ്ങി സര്‍ക്കാര്‍ നിര്‍മിത മദ്യമായ ജവാന്‍ ഉള്‍പ്പെടെയുള്ള മദ്യമാണ് ഔട്ലെറ്റുകളില്‍ ക്ഷാമം അനുഭവപ്പെടുന്നത്. പലപ്പോഴും കൗണ്ടറുകള്‍ക്കു മുന്നില്‍ ഇതു പോലെ വാക്കേറ്റവും ഉണ്ടാകാറുണ്ട്.
മദ്യകമ്പനികളും ബവ്കോയും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് മദ്യം നല്‍കുന്നത് കമ്പനികള്‍ കുറച്ചത്.
എന്നാല്‍ ഉദ്യോഗസ്ഥരും മദ്യ കമ്പനികളും തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ത്തതാണ് ഇപ്പോഴുള്ള പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് എം.ഡിയുടെ വിശദീകരണം. ഏറ്റവും കൂടുതല്‍ നികുതി വരുമാനം ബവ്റിജസ് കോര്‍പറേഷന്‍ സര്‍ക്കാരിനു നല്‍കുമ്പോള്‍ മദ്യം വാങ്ങാനെത്തുന്നവന് അവന്‍ ആവശ്യപ്പെടുന്ന മദ്യം നല്‍കാനും തയ്യാറാകണം. ഞങ്ങള്‍ നല്‍കുന്ന മദ്യം നിങ്ങള്‍ ഉപയോഗിക്കണം എന്നുള്ളത് എന്തു മര്യാദയെന്നു ബവ്കോയും ചിന്തിക്കണം.