നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി ഇന്ന് പരിഗണിക്കും


കൊച്ചി: നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കപ്പെടുകയാണെന്ന് ആരോപിച്ച് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിന്റെ അന്വേഷണം അവസാനിപ്പിക്കാൻ ചില ഉന്നതർ തങ്ങളുടെ സ്വാധീനം ഉപയോഗിക്കുന്നു എന്നതുൾപ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് നടി സർക്കാരിനെതിരെ ഉന്നയിച്ചത്. എന്നാൽ ആരോപണങ്ങൾ തള്ളിക്കളഞ്ഞ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്ന് കോടതിയെ അറിയിച്ചു. ഹർജിയിലെ ആവശ്യങ്ങൾ അനുവദിക്കുന്നതിൽ എതിർപ്പില്ലെന്നും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും വ്യക്തമാക്കി സർക്കാർ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണത്തിന് അനുകൂലമാണെന്നും സർക്കാർ വ്യക്തമാക്കി. നീതിയുക്തമായ അന്വേഷണം ഉണ്ടാകുമെന്നും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം വേഗത്തിൽ അവസാനിപ്പിച്ച് കേസ് തീർപ്പാക്കാൻ ശ്രമം നടക്കുന്നുവെന്ന് ആരോപിച്ച് നടി ഹർജി നൽകിയതിനെ തുടർന്നാണ്, സർക്കാർ നിർദ്ദേശപ്രകാരം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.