പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പ്രോജക്റ്റിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു


കേരള വനം വന്യജീവി വകുപ്പിന്റെയും പരിസ്ഥിതി സംഘടനയായ ഗ്രീൻ ലീഫിന്റെയും ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷസമൃദ്ധി പ്രോജക്റ്റിന്റെ ജില്ലാതല ഉദ്ഘാടനവും നടന്നു. കട്ടപ്പന സിഎസ്ഐ ഗാർഡനിൽ നടന്ന പരിപാടി വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. മനുഷ്യൻ ഭൂമിയുടെ സംരക്ഷകൻ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ചില ആളുകൾ വിചാരിക്കുന്നത് ഭൂമി അവർക്ക് മാത്രം അവകാശപ്പെട്ടതാണെന്നാണ്. ഈ ധാരണ തിരുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. ലോകം നിലനിൽക്കേണ്ടത്ത് മനുഷ്യൻ്റെ മാത്രം ആവശ്യമല്ല, മനുഷ്യൻെറയും ജന്തുജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും എല്ലാം ആവശ്യമാണ്. ഭൂമിയുടെ നിലനിൽപ്പ് എല്ലാവരുടെയും ആവശ്യമാണെന്ന് മനസിലാക്കി ഭാവി പ്രവർത്തങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും പരിസ്ഥിതി ദിനാഘോഷം ഒരു ചടങ്ങ് മാത്രമായി മാറരുതെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
കട്ടപ്പന മുൻസിപ്പൽ ചെയർപേഴ്സൻ ബീന ജോബി അധ്യക്ഷത വഹിച്ചു. വൃക്ഷതൈകളുടെ വിതരണവും വൃക്ഷ സമൃദ്ധി ഒന്നാംഘട്ട ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് നിർവഹിച്ചു. നമ്മുടെ ആവാസ വ്യവസ്ഥ നേരിടുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് കൃത്യമായി മനസിലാക്കി അത് പരിഹരിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുകയും ചെയ്യുക എന്നതാണ് പ്രധാനമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ചടങ്ങിൽ ഡിഎഫ്ഓ ഷാൻട്രി ടോം, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ബിഡിഓ ധനേഷ് ബി, ഗ്രീൻലീഫ് കോർഡിനേറ്റർ പി റോയ് തുടങ്ങിയവർ പങ്കെടുത്തു.
…