ഡ്യുട്ടിക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭിഷിണി : ബസ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംവിഡി
നെടുങ്കണ്ടം: ഡ്യുട്ടിക്കിടെ അസിസ്റ്റന്റ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് നേരെ വധഭിഷിണി മുഴക്കിയ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് എംവിഡി (MVD).
നെടുങ്കണ്ടത്ത് പ്രവര്‍ത്തിക്കുന്ന ഉടുമ്ബന്‍ചോല ജോയിന്റ് ആര്‍ടി ഓഫീസിലെ എഎംവി പ്രദിപിന് നേരെയാണ് ഡ്യുട്ടിക്കിടെ ബസ് ഡ്രൈവര്‍ വധഭീഷണി മുഴക്കിയത്. റൂട്ട് തെറ്റിച്ച് ബസ് ഓടിച്ച ഡ്രൈവറോട് ലൈസന്‍സ് ചോദിച്ചപ്പോഴാണ് വധഭിഷണി മുഴക്കിതെന്നാണ് ആരോപണം. വധഭിഷണി മുഴക്കിയ സ്വകാര്യ ബസ് ജീവനക്കാരനെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍.
വ്യാഴാഴ്ച നടന്ന സംഭവത്തെ കുറിച്ച് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത് ഇങ്ങനെ: നെടുങ്കണ്ടം – കട്ടപ്പന ഭാഗത്തേയ്ക്ക് പോകുന്ന ചില ബസുകള്‍ എഴുകുംവയല്‍ ടൗണില്‍ പോകുമായിരുന്നില്ല. ഇതുവഴി കടന്ന് പോകുന്ന ബസുകള്‍ ആശാരിക്കവലയില്‍ യാത്രക്കാരെ ഇറക്കി വിട്ട് യാത്ര തുടരുന്നതായിരുന്നു പതിവ്. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ബസിന്റെ നടപടിക്കെതിരെ വയോധികനായ യാത്രക്കാരന്‍ ഉടുമ്ബന്‍ചോല ജോയിന്റ ആര്‍ടി ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ പരാതി ശരിയാണെന്നും പരാതിയില്‍ പറയുന്ന ബസിലെ കണ്ടക്ടര്‍ക്ക് ലൈസന്‍സില്ലെന്നും കണ്ടെത്തി.
ഇതോടെ ബസ് ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാനായി കാരണം കാണിക്കല്‍ നോട്ടീസും ജോയിന്റ് ആര്‍ടിഒ നല്‍കി. തുടര്‍ന്ന് ഏഴുകുംവയല്‍ ടൗണില്‍ എത്താതെ പോകുന്ന ബസുകളെ കുറിച്ചുള്ള പരിശോധനയിലാണ് മറ്റൊരു ബസ് ശ്രദ്ധയില്‍പ്പെട്ടത്. നെടുങ്കണ്ടം ബസ് സ്റ്റാന്‍ഡില്‍ എത്തിയ ബസ് ഡ്രൈവറിനോട് നടപടിയുടെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സ് എഎംവി പ്രദീപ് ആവശ്യപ്പെട്ടപ്പോഴാണ് ഡ്രൈവര്‍ വധഭിഷണി മുഴക്കിയത്.
ബസ് ഡ്രൈവറുടെ പേരില്‍ കട്ടപ്പന ഡിവൈഎസ്പി, നെടുങ്കണ്ടം സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയെന്ന് ഉടുമ്ബന്‍ചോല ജോയിന്റ് ആര്‍ടിഒ കെ ബി ഗീതാകുമാരി പറഞ്ഞു. ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ നെടുങ്കണ്ടത്ത് എത്തി. പൊലീസിന് നല്‍കിയ പരാതി പ്രകാരമുള്ള നടപടികള്‍ പരിശോധിച്ച ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്ന് ഇടുക്കി ആര്‍ടിഒ ആര്‍ രമണന്‍ പറഞ്ഞു.