കെഎല്‍ രാഹുലിന്റെ റെക്കോര്‍ഡ് തകര്‍ത്ത കൂറ്റനടികള്‍; സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ നേടി പ്രിയാന്‍ഷ് ആര്യ

സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മത്സരത്തില്‍ ഒരു ഇന്ത്യന്‍ താരം ടി20യില്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ എന്ന കെ.എല്‍. രാഹുലിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി പഞ്ചാബ് കിംഗ്സ് താരം പ്രിയാന്‍ഷ് ആര്യ. ഡല്‍ഹിയും തമിഴ്നാടും തമ്മില്‍ നടന്ന മത്സരത്തില്‍ പ്രിയാന്‍ഷ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. വെറും 68 പന്തുകളില്‍ നിന്ന് ഏഴ് ഫോറുകളും 19 സിക്സറുകളും ഉള്‍പ്പെടെ 181 റണ്‍സാണ് അദ്ദേഹം അടിച്ചുകൂട്ടിയത്. 266 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിലായിരുന്നു കാണികളെ ത്രസിപ്പിച്ച പ്രകടനം.
ഈ വര്‍ഷം ആദ്യം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍, പ്രിയാന്‍ഷിന്റെ ടീമായ പഞ്ചാബ് കിങ്സിനെതിരെ (പി.ബി.കെ.എസ്) ഡല്‍ഹി ക്യാപിറ്റല്‍സിനായി (ഡി.സി) 67 പന്തുകളില്‍ നിന്ന് പുറത്താകാതെ 152 റണ്‍സ് നേടിയ കെ.എല്‍. രാഹുല്‍ ആയിരുന്നു ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡിന് ഉടമ. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഒരു ഇന്ത്യന്‍ താരം 150 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യ സന്ദര്‍ഭവും ഇതായിരുന്നു.
ടി20 ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത സ്കോര്‍ ഇപ്പോള്‍ പ്രിയാന്‍ഷിന്റെ പേരിലാണ്. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല് 13 വര്‍ഷം മുമ്പ് സ്ഥാപിച്ച 175* റണ്‍സ് എന്ന റെക്കോര്‍ഡ് (റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി പൂനെ വാരിയേഴ്സ് ഇന്ത്യയ്ക്കെതിരെ നേടിയത്) തകര്‍ത്ത ദക്ഷിണാഫ്രിക്കന്‍ താരം ലുവാന് ഡ്രെ പ്രെറ്റോറിയസിന് തൊട്ടുപിന്നിലായാണ് പ്രിയാന്‍ഷ്. ഈ വര്‍ഷം ഒക്ടോബറില്‍ നടന്ന ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക (CSA) പ്രോ-20 കപ്പില്‍, നൈറ്റ്സിനെതിരെ ടൈറ്റന്‍സ് ടീമിനായി 79 പന്തുകളില്‍ നിന്ന് 188 റണ്‍സ് (15 ഫോറുകളും 13 സിക്സറുകളും ഉള്‍പ്പെടെ) നേടിയാണ് ലുവാന് ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
അതേ സമയം സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്കോറാണ് പ്രിയാന്‍ഷിന്റെ പേരിലുള്ളത്. 2024 നവംബറില്‍ മേഘാലയക്കെതിരെ ഹൈദരാബാദിനായി തിലക് വര്‍മ്മ നേടിയ 151 റണ്‍സ് എന്ന റെക്കോര്‍ഡാണ് മറികടക്കപ്പെട്ടത്. തമിഴ്നാട് ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത മത്സരത്തില്‍ പ്രിയാന്‍ഷിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവിലാണ് ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 275 റണ്‍സ് നേടിയത്. അനുജ് റാവത്താണ് (22 പന്തില്‍ പുറത്താകാതെ 29 റണ്‍സ്; ഒരു ഫോറും രണ്ട് സിക്സറുകളും ഉള്‍പ്പെടെ) ടീമിനായി രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍ കണ്ടെത്തിയത്. സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ മൂന്നാമത്തെ ഉയര്‍ന്ന ടീം ടോട്ടലാണിത്. ബറോഡ (2024ല്‍ സിക്കിമിനെതിരെ 349/5), പഞ്ചാബ് (2025ല്‍ ഹൈദരാബാദിനെതിരെ 310/5) എന്നീ ടീമുകള്‍ മാത്രമാണ് ഇതിനുമുമ്പ് 300 റണ്‍സ് എന്ന കടമ്പ കടന്നിട്ടുള്ളത്.
അടുത്ത ഐപിഎല്‍ സീസണില്‍ പഞ്ചാബ് കിംഗ്സിനായി (പിബികെഎസ്) കളിക്കാന്‍ ഒരുങ്ങുന്ന പ്രിയാന്‍ഷ് ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാമതാണ്. ആറ് ഇന്നിംഗ്സുകളില്‍ നിന്ന് 60.33 ശരാശരിയിലും 204.51 സ്ട്രൈക്ക് റേറ്റിലും 362 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും മൂന്ന് അര്‍ദ്ധസെഞ്ച്വറികളും ഉള്‍പ്പെടുന്നു.

















































































































































