കല്ലാർ ഡാമിന്റെ സംഭരണശേഷി കാര്യമായി വര്‍ധിച്ചിട്ടില്ലെന്ന് ആരോപണം
നെടുങ്കണ്ടം: കല്ലാര്‍ ഡൈവേര്‍ഷന്‍ അണക്കെട്ടിന്റെ സംഭരണശേഷി പുനഃസ്‌ഥാപിക്കുന്നതിനായി നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി അവസാനിപ്പിച്ചു.
ശുചീകരണത്തിന് അഞ്ചുലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുകയ്‌ക്കുള്ള ജോലികള്‍ പൂര്‍ത്തിയായതോടെയാണ് പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത്. ഈ മാസം 20 മുതല്‍ 26 വരെയായിരുന്നു ശുചീകരണത്തിന് ജില്ലാ കലക്‌ടര്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ശുചീകരണം പൂര്‍ത്തിയാകാത്തതിനാല്‍ കെ.എസ്.ഇ.ബി. ഡാം സേഫ്‌ടി വിഭാഗത്തിന്റെ ആവശ്യപ്രകാരം കലക്‌ടര്‍ സമയപരിധി നീട്ടിനല്‍കിയിരുന്നു. അണക്കെട്ടില്‍ അടിഞ്ഞ് കൂടിയ മണ്ണും ചെളിയും നീക്കാന്‍ പൂര്‍ണമായി സാധിച്ചിട്ടില്ല.
ഡാം സേഫ്‌ടി വിഭാഗത്തിന്റെ നേതൃത്വത്തില്‍ പരീക്ഷണാടിസ്‌ഥാനത്തിലാണ് ജോലികള്‍ നടത്തിയത്. അണക്കെട്ട് പൂര്‍ണമായി ശുചീകരിച്ച് സംഭരണശേഷി പൂര്‍ണമായി പുനസ്‌ഥാപിക്കണമെങ്കില്‍ ഇനിയും തുകയും സമയവും ആവശ്യമാണ്. അണക്കെട്ടിന്റെ ഷട്ടറുകള്‍ പൂര്‍ണമായും തുറന്ന് ഇതുവഴി ചെളിയും മണ്ണും മണലും പുറത്തേക്ക് തള്ളുന്ന ജോലികളാണ് നടന്നത്.
ഇതിനൊപ്പം അണക്കെട്ടിനുള്ളിലുണ്ടായിരുന്ന അപകടകരമായ അള്ളിലേക്ക് കല്ലും മണ്ണും നിറച്ച് ഭീഷണി ഒഴിവാക്കുകയും ചെയ്‌തു. സംസ്‌ഥാനത്ത് ആദ്യമായി അണക്കെട്ടില്‍ ബാര്‍ജില്‍ ഹിറ്റാച്ചിയിറക്കി ചെളി നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങളും നടന്നു. വാഴത്തോപ്പ് ഡാം സേഫ്‌ടി സബ് ഡിവിഷന്‍ അസിസ്‌റ്റന്‍ഡ് എന്‍ജിനിയര്‍ സജീവ് കുമാറാണ് ഡാമിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
എന്നാല്‍ അഞ്ചുലക്ഷം മുടക്കി ശുചീകരണം നടത്തിയിട്ടും അണക്കെട്ടിന്റെ സംഭരണശേഷി കാര്യമായി വര്‍ധിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. അടിഞ്ഞ് കൂടി മണ്ണ് അണക്കെട്ടിലെ അള്ളില്‍ നിറച്ചാല്‍ സംഭരണശേഷി കൂടില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ലക്ഷങ്ങള്‍ മുടക്കിയിട്ടും അണക്കെട്ടിനുള്ളിലെ പകുതിയില്‍ താഴെ ഭാഗത്തെ പുല്ല് നീക്കം ചെയ്യാന്‍ മാത്രമേ സാധിച്ചിട്ടുള്ളു. അപകടകരമായ അള്ളിലേക്ക് മണ്ണ് വാരിയിട്ടതുമൂലം അപകടസാധ്യത വര്‍ധിക്കുകയാണ് ചെയ്‌തതെന്നും നാട്ടുകാര്‍ ആരോപിച്ചു.