കല്ലാർ ഡാമിന്റെ 3 ഷട്ടറുകൾ പൂർണമായി തുറന്ന് ഡാമിലെ ചെളിയും മണ്ണും ഷട്ടറുകളിലൂടെ നീക്കുന്ന ജോലി ആരംഭിച്ചു
നെടുങ്കണ്ടം : കല്ലാർ ഡാമിന്റെ 3 ഷട്ടറുകൾ പൂർണമായി തുറന്ന് ഡാമിലെ ചെളിയും മണ്ണും ഷട്ടറുകളിലൂടെ നീക്കുന്ന ജോലി ആരംഭിച്ചു. 1, 2, 4 ഷട്ടറുകളാണ് ഇന്നലെ തുറന്നത്. ഡാമിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും നീക്കാനാണ് ഷട്ടറുകൾ പൂർണമായും തുറന്നിട്ടത്. സംഭരണ ശേഷിയുടെ 50 ശതമാനത്തിലധികം മണ്ണും ചെളിയും നിറഞ്ഞാണ് കിടക്കുന്നത്. ഇത് നീക്കം ചെയ്യുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ഡാമിന്റെ ഒന്നാം നമ്പർ ഷട്ടർ തുറന്നു മണ്ണ് പുറത്തേക്ക് ഒഴുക്കിയെങ്കിലും പൂർണമായി നീക്കം ചെയ്യാൻ കഴിഞ്ഞില്ല.
സംഭരണ ശേഷി ഉയർത്തുന്ന ജോലികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ കലക്ടർ സമയപരിധി 30 വരെ നീട്ടി നൽകിയിരുന്നു സംസ്ഥാനത്ത് ആദ്യമായി കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം നടത്തുന്ന പരീക്ഷണമാണ് കല്ലാർ ഡാമിൽ നടക്കുന്നത്. വാഴത്തോപ്പ് ഡാം സേഫ്റ്റി സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.