പോരാട്ടം മുറുകി തൃക്കാക്കര;പരസ്യപ്രചാരണത്തിന് ഒരാഴ്ച മാത്രം
കൊച്ചി : പരസ്യപ്രചരണം തീരാൻ ഒരാഴ്ച മാത്രം ശേഷിക്കെ തൃക്കാക്കരയിൽ പോരാട്ടം മുറുകുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ഇടതുമുന്നണി പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തും. ഇനി അഞ്ച് ദിവസം വിവിധ കൺവെൻഷനുകളിൽ പിണറായി പങ്കെടുക്കും. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും മണ്ഡലത്തിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. നാലാം മുന്നണി ആർക്കും പിന്തുണ പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ LDF, UDF, NDA സ്ഥാനാർത്ഥികൾക്കെല്ലാം ജനക്ഷേമ സഖ്യത്തിന്‍റെ വോട്ടിൽ പ്രതീക്ഷ ഉണ്ട്.
ഇതിനിടെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ UDF സ്ഥാനാർഥി ഉമാ തോമസിന്‍റെ നാമനിർദേശ പത്രിക തളളണം എന്നാവശ്യപ്പെട്ട് സ്വതന്ത്ര സ്ഥാനാർഥിയായ സി.പി. ദിലീപ് നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്തരിച്ച പിടി തോമസിന്റെ ബാങ്ക് വായ്പ, പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൊച്ചി കോർപറേഷനിലെ ഭൂനികുതി അടച്ചിട്ടില്ലെന്നുമാണ് ആരോപണം. ഭർത്താവിന്‍റെ ആസ്ഥികളും ബാധ്യതകളും മരണശേഷം ഭാര്യയ്ക്ക് വന്നുചേരുമെന്നാണ് സുപ്രീം കോടതി ഉത്തരവെന്നും, ഉമയുടെ പത്രികയിൽ ഇക്കാര്യം ഉൾപ്പെടുത്താതിരുന്നത് ചട്ടലംഘനമെന്നുമാണ് ഹർജി.