കനത്ത മഴ മുന്നറിയിപ്പുകള്‍ക്കിടയിലും തെക്കിന്റെ കാശ്‌മീരായ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക്
തൊടുപുഴ: കനത്ത മഴ മുന്നറിയിപ്പുകള്‍ക്കിടയിലും തെക്കിന്റെ കാശ്‌മീരായ മൂന്നാറില്‍ സഞ്ചാരികളുടെ തിരക്ക്.
തണുപ്പും കോടമഞ്ഞും സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വു നല്‍കുമ്ബോള്‍ കാഴ്‌ചാ വിരുന്നൊരുക്കി കാട്ടാനക്കൂട്ടവും സജീവം.
ബുധനാഴ്‌ച മാട്ടുപ്പെട്ടിയില്‍ എത്തിയ സഞ്ചാരികള്‍ക്കള്‍ക്കാണ് കാട്ടാന കൂട്ടങ്ങളെ കണ്‍കുളിര്‍ക്കെ കാണാന്‍ കഴിഞ്ഞത്. മൂന്നു കുട്ടിയാനകള്‍ അടക്കം ഏഴ് ആനകളാണ് മാട്ടുപ്പെട്ടിയിലെ പുല്‍മേടുകളില്‍ മേഞ്ഞു നടന്നിരുന്നത്. കാട്ടാനകളെ കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി സഞ്ചാരികളാണ് ഇവിടെ ഉണ്ടായിരുന്നത്. മാട്ടുപ്പെട്ടിയില്‍ ബോട്ടിങിനും നിരവധി സഞ്ചാരികളുണ്ടായിരുന്നു. കുണ്ടള, ടോപ്പ് സ്‌റ്റേഷന്‍ എന്നിവിടങ്ങളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്.
കോവിഡിനു ശേഷം മൂന്നാര്‍ ഉണര്‍ന്നു വരുന്നതിനിടെയാണു ശക്‌തമായ മഴയെത്തുന്നത്. എന്നാല്‍ മഴയെ അവഗണിച്ച് നിരവധി സഞ്ചാരികള്‍ എത്തുന്നത് ടൂറിസം മേഖലയ്‌ക്ക് ആശ്വാസം പകരുന്നുണ്ട്. വിദേശ വിനോദ സഞ്ചാരികളുടെ കുറവ് നന്നേ വ്യാപാര മേഖലയെ അലട്ടുന്നുണ്ട്. സംസ്‌ഥാനത്തിന് അകത്തു നിന്നുള്ള സഞ്ചാരികളാണ് ഇപ്പോള്‍ ഏറെയും മൂന്നാറിലെത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നുള്ളവരും സജീവമാണ്. അവധി ദിവസങ്ങളില്‍ മൂന്നാറില്‍ കനത്ത തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.
ഇതു വലിയ ഗതാഗതക്കുരുക്കിനും ഇടയാക്കിയിരുന്നു. എന്നാല്‍ മഴ ശക്‌തമാകുകയും ഇപ്പോഴുള്ള സഞ്ചാരികള്‍ മടങ്ങുകയും ചെയ്‌താല്‍ കൂടുതല്‍ പേര്‍ എത്താനുള്ള സാധ്യത കുറയും. മഴ കുറഞ്ഞ് മാനം തെളിഞ്ഞ് കൂടുതല്‍ സഞ്ചാരികളെ കാത്തിരിക്കുകയാണ് മൂന്നാര്‍. ഇതിനിടെ മഴ ടൂറിസം ആസ്വദിക്കാന്‍ മൂന്നാറില്‍ എത്തുന്നവരും ഏറെ.