ഇന്നും അതിതീവ്ര മഴ, കാറ്റിനും മിന്നലിനും സാധ്യത; ഉരുൾപൊട്ടൽ മേഖലയിൽ ജാഗ്രത നിർദേശം


സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ തുടരും. ഇന്നു കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ ശക്തമാകും. കേരളത്തിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും വടക്കന്‍ കേരളം മുതല്‍ വിദര്‍ഭ വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നതിന്റെ ഫലമായാണിത്. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 21 വരെ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍, തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുത്.