അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി


പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ പതിമൂന്ന് പ്രതികള്‍ക്കും ഏഴ് വര്‍ഷം കഠിന തടവ് വിധിച്ച് മണ്ണാര്‍ക്കാട് എസ് സി എസ് ടി കോടതി. ഒന്നാം പ്രതി ഹുസൈന് ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 16 പ്രതികളില്‍ 14 പേരും കുറ്റക്കാരെന്ന് ഇന്നലെ മണ്ണാര്‍ക്കാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ചിരുന്നു. പ്രതികളെ മലപ്പുറത്തെ തവനൂര്‍ ജയിലിലേക്ക് മാറ്റും.
നേരത്തെ കേസില്‍ രണ്ട് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു. നാലും പതിനൊന്നും പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഒന്നും രണ്ടും മൂന്നും അഞ്ചും ആറും ഏഴും എട്ടും ഒമ്ബതും പത്തും പന്ത്രണ്ടും പതിമൂന്നും പതിനാലും പതിനഞ്ചും പതിനാറും പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ഇതില്‍ 13 പേര്‍ക്കെതിരെയാണ് നരഹത്യ കുറ്റം ചുമത്തിയിരിക്കുന്നത്.
ഒന്നാം പ്രതി ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്ബതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 പ്രതികള്‍ക്കുമെതിരെ നരഹത്യ കുറ്റം തെളിഞ്ഞുവെന്ന് കോടതി. ഇതില്‍ നാലാം പ്രതി അനീഷിനെയും പതിനൊന്നാം പ്രതി അബ്ദുള്‍ കരീമിനെയുമാണ് കോടതി വെറുതെ വിട്ടിരിക്കുന്നത്. മണ്ണാര്‍ക്കാട് പട്ടികജാതി വര്‍ഗ പ്രത്യേക കോടതി ജഡ്ജി കെ എം രതീഷ് കുമാറാണ് വിധി പറഞ്ഞത്.
കേസില്‍ 16 പ്രതികളാണുണ്ടായിരുന്നത്. കൊലപാതകം നടന്ന് അഞ്ച് വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. 2018 ഫെബ്രുവരി 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. അഗളി പൊലീസ് കേസ് അന്വേഷിച്ച് മെയ് 31ന് കോടതിയില്‍ കുറ്റപത്രം നല്‍കി. 2022 മാര്‍ച്ച് 17ന് പ്രതികളെ കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. ഏപ്രില്‍ 28ന് വിചാരണ തുടങ്ങി. കേസ് വിധിപറയാന്‍ രണ്ടുതവണ പരിഗണിച്ചു. മാര്‍ച്ച് 18നും 30നും കേസ് പരിഗണിച്ചെങ്കിലും നാലായിരത്തിലേറെ പേജുള്ള വിധിപകര്‍പ്പ് പകര്‍ത്തല്‍ പൂര്‍ത്തിയാകാത്തതിനാലാണ് മാറ്റിവച്ചത്. സംഭവത്തില്‍ 103 സാക്ഷികളില്‍ 24 പേര്‍ കൂറുമാറിയിരുന്നു. ഇതായിരുന്നു പ്രതിഭാഗത്തിന്റെ പ്രതീക്ഷ. എന്നാല്‍ ഡിജിറ്റല്‍ തെളിവുകള്‍ അതിനിര്‍ണ്ണായകമാണ്. പ്രതികളാണ് ഈ ഡിജിറ്റല്‍ തെളിവും എടുത്തതെന്നതാണ് രസകരമായ വസ്തുത.
രണ്ടു പേരെ കോടതി വെറുതെ വിട്ടു. മര്‍ദന ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാളാണ് വെറുതെ വിട്ട പ്രതികളില്‍ ഒരാളായ അനീഷ്. പതിനൊന്നാം പ്രതി അബ്ദുള്‍ കരീം മധുവിനെ കള്ളന്‍ എന്ന് വിളിച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുമെന്ന പ്രൊസികൃൂഷന്റെ പ്രതീക്ഷ ശരിയായിരിക്കുകയാണിപ്പോള്‍. ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ വിധി പറയുമ്ബോള്‍ സോഷ്യല്‍ മീഡിയയില്‍ അത് എത്തിച്ച പ്രതിയും കുറ്റവിമുക്തനാകുന്നുവെന്നതാണ് വസ്തുത. കുറ്റകൃത്യത്തെ വിലയിരുത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇത് തീര്‍ത്തും ചരിത്ര വിധിയാണ്.
കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയില്‍നിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആള്‍ക്കൂട്ടം മധുവിനെ മര്‍ദിച്ചത്. സംഭവദിവസം കാട്ടില്‍ മരത്തടികള്‍ ശേഖരിക്കാന്‍ പോയ ഒരാള്‍ ഗുഹയ്ക്കുള്ളില്‍ മധുവിനെ കാണുകയും മുക്കാലിയില്‍നിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആള്‍ക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മര്‍ദിക്കുകയും ചെയ്‌തെന്ന് കേസിന്റെ രേഖകളില്‍ പറയുന്നു. കൈകള്‍ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റര്‍ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മര്‍ദിച്ചു.
അങ്ങനെ മധുവിനെ കൊണ്ടു വരും വഴിയെല്ലാം പ്രതികള്‍ തന്നെ വീഡിയോ എടുത്തു. ഇതിനെ വീരസ്യമെന്ന പോലെ സോഷ്യല്‍ മീഡിയയില്‍ എത്തിക്കുകയും ചെയ്തു. മധുവിനോട് കാട്ടിയ ക്രൂരതയ്ക്ക് ഏറ്റവും വലിയ തെളിവായി മാറിയത് ഈ വീഡിയോകളാണ്. സെല്‍ഫിയെടുത്ത് പലരും നാട്ടില്‍ ഞെളിഞ്ഞു നടക്കാനും ശ്രമിച്ചു. ഈ സെല്‍ഫിയിലുള്ളവര്‍ക്കെല്ലാം അത് അത്യുഗ്രന്‍ തെളിവായി മാറി. രാഷ്ട്രീയ സ്വാധീനക്കരുത്തില്‍ രക്ഷപ്പെടാനുള്ള ശ്രമവും കോടതിക്ക് മുമ്ബില്‍ വിജയിച്ചില്ല. അങ്ങനെ പ്രതികള്‍ വീരവാദം കാട്ടാനായി എടുത്ത വീഡിയോ കൊലക്കുറ്റം തെളിയിച്ചു. കാട്ടിലെ ജീവിതമുണ്ടാക്കിയ അവശതയാണ് മധുവിന്റെ ജീവനെടുത്തതെന്ന വാദം വീഡിയോ പൊളിച്ചു. സാക്ഷികള്‍ കൂറുമാറിയപ്പോഴും കേരളം നടക്കുത്തോടെ കണ്ട വീഡിയോ കോടതി തെളിവായി കണ്ടു.
മര്‍ദ്ദിച്ച് അവശാനാക്കിയ മധുവുമായി സംഘം മുക്കാലിയിലെത്തുമ്ബോള്‍ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞ് 2.30. കൂട്ടത്തിലാരോ പൊലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പില്‍വെച്ച് മധു ഛര്‍ദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. 4.15-ഓടെ ആശുപത്രിയിലെത്തി. മധു മരിച്ചുകഴിഞ്ഞതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പതിനൊന്ന് മാസം നീണ്ട സാക്ഷി വിസ്താരത്തിന് ശേഷമാണ് കേസ് വിധി പ്രഖ്യാപനത്തിലേക്ക് കടന്നത്. മാര്‍ച്ച് പത്തിനാണ് കേസിലെ അന്തിമവാദം പൂര്‍ത്തിയായത്.