മത്സ്യ കൃഷിയില്‍ ഇടുക്കിയുടെ സാധ്യതകളുമായി സെമിനാര്‍ : കാര്‍ഷിക-ഭക്ഷ്യോത്പാതന രംഗത്ത് സ്വയം പര്യാപ്തമാകണം: മന്ത്രി റോഷി അഗസ്റ്റിന്‍
കൊവിഡ് കാലത്ത് കാര്‍ഷിക രംഗത്ത് കേരളത്തിലുടനീളം പുതിയ സംസ്‌കാരം ഉടലെടുത്തു. സ്വയം പര്യാപ്തതക്കാവശ്യമായ പച്ചക്കറിയെങ്കിലും ഉത്പാദിപ്പിക്കാന്‍ നമുക്ക് സാധിക്കണം. ഇതര തൊഴിലുകളില്‍ വ്യാപൃതരായിരിക്കുന്നതു കൊണ്ടാണ് അതിന് ശ്രമിക്കാത്തത്. പുതിയ കാര്‍ഷിക സംസ്‌കാരത്തിന്റെ ഭാഗമായി വീട്ടുവളപ്പില്‍ മത്സ്യ കൃഷി ആരംഭിച്ചിട്ടുണ്ട്. അതിനെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് സര്‍ക്കാര്‍ ജനകീയ മത്സ്യ കൃഷിയടക്കം പല പദ്ധതികളും നടപ്പാക്കുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.
‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയോടനുനുബന്ധിച്ചുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങളിലൂടെ ശുചിത്വ നഗരങ്ങള്‍ രൂപികരിക്കാനായി. ശുചിത്വ അവബോധങ്ങളിലൂടെ ജില്ലയില്‍ കട്ടപ്പന നഗരസഭയും മുരിക്കാശ്ശേരി, ചെറുതോണി നഗരങ്ങളും ശുചിത്വ സന്ദേശമെത്തിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
കാലവസ്ഥ പ്രതികൂലമായിട്ടും രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ വലിയ തോതില്‍ ജനപങ്കാളിത്തമുണ്ടായെന്നും ഒരു വര്‍ഷം കൊണ്ട് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെട്ടതായും മന്ത്രി അഭിപ്രായപ്പെട്ടു.
സെമിനാറിന്റെ സമ്മേളന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജില്ലയുടെ കാര്‍ഷിക സാധ്യതകള്‍ നന്നായി വിനിയോഗിച്ച് വികസനവും വിജയവും സാധ്യമാകുന്നതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.
ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ കൃഷിയില്‍ ഇടുക്കിയുടെ സാധ്യതകള്‍ എന്ന വിഷയത്തിലും, സാമൂഹ്യ നീതി, വനിത – ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ നീതിയിലൂടെ നവകേരളത്തിലേക്ക് എന്ന വിഷയത്തിലും, ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്ന വിഷയത്തിലുമാണ് സെമിനാര്‍ സംഘടിപ്പിച്ചത്.
മത്സ്യകൃഷിയില്‍ ഇടുക്കിയുടെ സാധ്യതകള്‍ എന്ന വിഷയത്തില്‍ കൊച്ചി മറൈന്‍ പ്രൊഡക്ട് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോരിറ്റി ജൂനിയര്‍ ടെക്‌നിക്കല്‍ ഓഫീസര്‍ ജിയോ ക്രിസ്റ്റി ഈപ്പന്‍ സെമിനാര്‍ നയിച്ചു. വിവിധ മത്സ്യ കൃഷിരീതികളും, ഫോര്‍മാലിന്‍ അടക്കമുള്ള മായം കലര്‍ന്ന മത്സ്യങ്ങളുടെ ദൂഷ്യ വശങ്ങള്‍, മത്സ്യ കൃഷിയുടെ സാധ്യതകള്‍, മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ എന്നിവയും സെമിനാറില്‍ പ്രതിപാദിച്ചു. ശാസ്ത്രീയ മാലിന്യ സംസ്‌കരണം എന്ന വിഷയത്തില്‍ ഹരിതകേരളം റിസോഴ്‌സ് പേഴ്‌സണ്‍ കെ.ജി അരുണ്‍ കുമാര്‍ സെമിനാര്‍ നയിച്ചു. ജൈവ-അജൈവ മാലിന്യങ്ങളുടെ ശാസ്ത്രീയ സംസ്‌കരണം വീട്ടില്‍ നിന്ന് തുടങ്ങുന്നതിന്റെ ആവശ്യകതകള്‍ പ്രതിപാദിച്ചു. സാമൂഹ്യ നീതിയിലൂടെ നവകേരളത്തിലേക്ക് എന്ന വിഷയത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ബിനോയി വി.ജെ, ജില്ലാ വനിതാ-ശിശു വികസന ഓഫീസര്‍ ഗീതാകുമാരി എസ് എന്നിവര്‍ സെമിനാര്‍ നയിച്ചു. ഭിന്നശേഷിക്കാര്‍, വയോധിയര്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്, ജയില്‍ തടവുകാരുടെ കുട്ടികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നടപ്പാക്കുന്ന ധനസഹായ പദ്ധതികളും സേവനങ്ങളും സെമിനാറില്‍ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം കെ.ജി സത്യന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോയ്‌സ് എബ്രഹാം, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ്, സംഘാടക സമിതി അംഗങ്ങളായ സി.എം അസീസ്, ബാബു ജേക്കബ് എന്നിവര്‍ സംസാരിച്ചു.