നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; മോൺസൺ മാവുങ്കല്‍ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്സണ് മാവുങ്കലിന് എതിരെയുളള കേസില്‍ നടന് മോഹന്‍ലാലിനെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇഡി നോട്ടീസ് അയച്ചു. കൊച്ചിയിലെ ഇഡിയുടെ ഓഫീസിലാണ് ഹാജരാവേണ്ടത്.
എന്നാല്‍ മോന്സണ് കേസ് കൂടാതെ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും എന്നാണ് സൂചന. ഇത് ഏത് കേസാണ് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.സിനിമാ രംഗത്ത് അടക്കമുള്ള പ്രമുഖരുമായി മോന്സണ് മാവുങ്കലിന്റെ ബന്ധങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയും മോഹന്‍ലാലും അടക്കമുള്ളവര്‍ മോന്സണ് മാവുങ്കലിന് ഒപ്പം നില്ക്കുന്ന ചിത്രങ്ങള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മോന്സണ് മാവുങ്കലിന്റെ കലൂരിലെ വീട്ടില്‍ മോഹന്‍ലാല്‍ പോയിരുന്നുവെന്ന് ഇഡിക്ക് മൊഴി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
മോന്സണ് മാവുങ്കലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന മറ്റൊരു സിനിമാ താരമാണ് മോഹന്‍ലാലിനെ കലൂരിലെ വീട്ടിലെത്തിച്ചത് എന്നാണ് മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. അടുത്ത ആഴ്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി മേഖലാ ഓഫീസില്‍ ഹാജരാകണം എന്നാവശ്യപ്പെട്ടാണ് മോഹന്‍ലാലിന് നോട്ടീസ് അയച്ചിരിക്കുന്നത്.