പുതുക്കിയ ഇഎസ്എ റിപ്പോർട്ട് ഈ ആഴ്ച കേന്ദ്രത്തിന്; ജനവാസ മേഖലകളെ ഒഴിവാക്കും
പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ (ഇഎസ്എ) സംബന്ധിച്ചു കേന്ദ്ര സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പിഴവു സമ്മതിച്ച് സംസ്ഥാന സർക്കാർ തിരുത്തുന്നു. ജനവാസ മേഖലകൾ ഇഎസ്എയിൽ ഉൾപ്പെട്ടതു വനം വകുപ്പിന്റെ രേഖകളിലെ തെറ്റുമൂലമാണെന്നാണ് ഉദ്യോഗസ്ഥതല വിശദീകരണം. കർഷകർ പരാതി ഉന്നയിച്ച സ്ഥലങ്ങളെ ഒഴിവാക്കിയുള്ള പുതിയ റിപ്പോർട്ട് ഈ ആഴ്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു സമർപ്പിക്കും. ഇഎസ്എ പ്രഖ്യാപനത്തിനു മുന്നോടിയായി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനു കീഴിൽ രൂപീകരിച്ച അഞ്ചംഗ സമിതിയുടെ ആവശ്യപ്രകാരമാണ് കേരളം റിപ്പോർട്ട് തിരുത്തുന്നത്.
പുതിയ റിപ്പോർട്ടിൽ പ്രധാനമായും വനഭൂമി മാത്രം ഇഎസ്എ പരിധിയിൽ ഉൾപ്പെടുത്താനാണ് സംസ്ഥാന പരിസ്ഥിതി വകുപ്പ് ശ്രമിക്കുന്നത്. റവന്യു ഭൂമിയിലെ സർക്കാർ പ്ലാന്റേഷനുകൾ, അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശം എന്നിങ്ങനെ ജനവാസമേഖലകളല്ലാത്ത സ്ഥലങ്ങളും ഉൾപ്പെടും. എന്നാൽ, നേരിട്ടു സ്ഥലം പരിശോധിക്കാതെ നൽകുന്ന റിപ്പോർട്ടിന്റെ കൃത്യതയിൽ ഇപ്പോഴും സംശയമുണ്ട്. കുറഞ്ഞ സമയത്തിനകം അതിരുകൾ നിർണയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടും ഉദ്യോഗസ്ഥർ നേരിടുന്നു.
വനം വകുപ്പ് നൽകിയ ഭൂപടവും ഗൂഗിൾ മാപ്പും ഉപയോഗിച്ചാണു നേരത്തേ റിപ്പോർട്ട് തയാറാക്കിയത്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയാറാക്കിയ റിപ്പോർട്ടിൽ വനഭൂമിക്കു പുറത്തുള്ള വില്ലേജുകൾ ഉൾപ്പെട്ടതോടെ ലക്ഷക്കണക്കിനു കർഷകർ ആശങ്കയിലായി. വനഭൂമിക്കുള്ളിലെ ചില പ്രദേശങ്ങൾ ഇഎസ്എ പരിധിയിൽനിന്ന് ഒഴിവാക്കപ്പെട്ടതായും ആരോപണം ഉയർന്നു.
വില്ലേജുകളുടെ അതിർത്തി സംബന്ധിച്ച് റവന്യു വകുപ്പിന്റെ കൈവശം ആധികാരിക രേഖകൾ ഇല്ലാത്തതിനാലാണ് വനം വകുപ്പിനെ കൂടുതലായി ആശ്രയിക്കേണ്ടി വന്നതെന്നു പരിസ്ഥിതി വകുപ്പ് പറയുന്നു. റീ സർവേ പൂർത്തിയാകാത്ത വില്ലേജുകളാണ് കൂടുതലായും ഇഎസ്എയിൽ ഉൾപ്പെട്ടത്.
അതേസമയം, ഇഎസ്എ പട്ടിക തയാറാക്കാൻ തന്റെ നേതൃത്വത്തിൽ കേരളത്തിൽ കമ്മിഷനെ വച്ചിട്ടില്ലെന്നു മുൻ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യൻ അറിയിച്ചു. വിവിധ വകുപ്പുകൾ ചേർന്നു തയാറാക്കിയ നിർദേശം പരിസ്ഥിതി വകുപ്പു സെക്രട്ടറി എന്ന നിലയിൽ ഒപ്പിട്ടു നൽകുകയാണ് ചെയ്തതെന്നും അതിനെ പി.എച്ച്.കുര്യൻ കമ്മിഷനായി വ്യാഖ്യാനിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.