തമിഴ്നാട്ടിൽ ലുലുമാൾ വേണ്ടെന്ന് ബിജെപി ഘടകം.ഒരു ഇഷ്ടിക പോലും കെട്ടില്ല
ചെന്നൈ: തമിഴ്നാട്ടില്‍ ലുലു മാള്‍ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് ബി ജെ പി. ലുലു മാളിനെതിരെ തമിഴ്നാട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈയാണ് രംഗത്തെത്തിയത്. പുതുതായി നിര്‍മ്മിക്കുന്ന ലുലു മാള്‍ കെട്ടിട നിര്‍മ്മാണത്തിന് ഒരു ഇഷ്ടിക പോലും ഇടാന്‍ ബി ജെ പി സമ്മതിക്കില്ലെന്ന് ബി ജെ പി അറിയിച്ചു. ലുലു മാള്‍ ആരംഭിച്ചാല്‍ പാവപ്പെട്ട ചില്ലറ വ്യാപാരികളെ ഇത് ബാധിക്കുമെന്നാണ് ബി ജെ പി ആരോപിക്കുന്നത്. ആദ്യ കാലത്ത് വാള്‍മാര്‍ട്ടിനെ എതിര്‍ത്ത സംഘടനകള്‍ ലുലുവിന്റെ കാര്യത്തില്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അണ്ണാമലൈ ചോദിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഗള്‍ഫ് സന്ദര്‍ശിക്കുന്ന വേളയിലാണ് കോയമ്പത്തൂരില്‍ ലുലുമാള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ധാരണാ പത്രം ഒപ്പിട്ടത്.
അബുദാബിയില്‍ വച്ചാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തില്‍ തമിഴ്നാട് സര്‍ക്കാരും ലുലു ഗ്രൂപ്പും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചത്. 3500 കോടി രൂപ മുതല്‍മുടക്കില്‍ സംസ്ഥാനത്ത് മൂന്ന് പ്രധാന പദ്ധതികളാണ് ലുലു നടപ്പിലാക്കുന്നത്. മൊത്തം 2,500 കോടി രൂപ മുതല്‍മുടക്കില്‍ രണ്ട് മാളുകള്‍ നിര്‍മ്മിക്കും. 1,000 കോടി രൂപ മുതല്‍മുടക്കില്‍ ഭക്ഷ്യ സംസ്കരണ പദ്ധതി നടപ്പാക്കുമെന്നും ലുലു ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.