ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി : മന്ത്രി പി. രാജീവ്
ചലച്ചിത്ര മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി ആവശ്യപ്പെട്ടെന്ന് നിയമമന്ത്രി പി.രാജീവ്. ഡബ്ല്യൂസിസി പ്രതിനിധികളുമായി ചര്‍ച്ച നടത്തിയിരുന്നെന്നും മന്ത്രി പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. കമ്മിഷന്‍ എന്‍ക്വയറി ആക്ട് പ്രകാരമായിരുന്നില്ല ഹേമ കമ്മിഷന്‍. അതിനാല്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിര്‍ബന്ധമില്ലെന്നും അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പിന്നീട് പ്രതികരിച്ചു. രഹസ്യാത്മകമായി സൂക്ഷിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് പലരും കമ്മിറ്റിക്ക് മൊഴി നല്‍കിയിരിക്കുന്നത്. കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ഡബ്ല്യൂസിസി ആവശ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.
കൊച്ചിയിൽ യുവനടി ആക്രമിക്കപ്പെട്ടതിനു പിന്നാലെയാണ് ഡബ്ല്യൂസിസി എന്ന കൂട്ടായ്മ രൂപീകരിക്കുകയും അവരുടെകൂടി അഭ്യർഥനയുടെ പശ്ചാത്തലത്തിലാണ് സിനിമാ മേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിച്ചത്. 2019 ഡിസംബർ 31നാണ് സമിതി റിപ്പോർട്ട് സമർപ്പിച്ചത്. ശുപാർശകളിൽ തുടർനടപടികൾ വൈകുന്ന സാഹചര്യത്തിൽ സർക്കാരിനെ വിമർശിച്ച് ഡബ്ല്യൂസിസി രംഗത്തു വന്നിരുന്നു. ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് ഒട്ടേറെ പേരുടെ സ്വകാര്യ അനുഭവങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളതിനാൽ പുറത്തു വിടാൻ കഴിയില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞത്.