‘ഞങ്ങളും കൃഷിയിലേക്ക്’ പ്രചരണ വിളംബരജാഥ സംഘടിപ്പിച്ചു
സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന പരിപാടിയുടെ ഭാഗമായി തൊടുപുഴ കൃഷി വകുപ്പിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ‘ഞങ്ങളും കൃഷിയിലേക്ക്’ പ്രചരണ വിളംബരജാഥ സംഘടിപ്പിച്ചു.
ജനങ്ങളിൽ കൃഷി സംസ്കാരം വളർത്തുന്നതിനു നടപ്പിലാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയോട് അനുബന്ധിച്ച് തൊടുപുഴ
കൃഷിഭവൻ പരിസരത്തുനിന്ന് ആരംഭിച്ച പ്രചരണ ജാഥ തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ഫ്ലാഗ് ഓഫ് ചെയ്തു.
എല്ലാ വിഭാഗം ജനങ്ങളും ഇത് സ്വമേധയാ ഏറ്റെടുക്കണമെന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജ് ആവശ്യപ്പെട്ടു. കൃഷി അസിസ്റ്റൻറ് ഡയറക്ടർ ചന്ദ്ര ബിന്ദു, അഗ്രികൾച്ചർ ഫീൽഡ് ഓഫീസർ സന്ധ്യ ജി.എസ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വിദ്യാർഥികൾ, അധ്യാപകർ, കൃഷിക്കാർ, കർഷക സംഘടന പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്ത വിളംബര ജാഥ തൊടുപുഴ മിനി സിവിൽ സ്റ്റേഷന് മുന്നിൽ സമാപിച്ചു.
സമൂഹത്തിലെ എല്ലാ മേഖലകളിലും ഉള്ളവരെ ഭക്ഷ്യവിള കൃഷിയിൽ പങ്കാളികളാക്കാനും എല്ലാ ഭവനങ്ങളിലും സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തി ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പിലാക്കുന്നത്. സുരക്ഷിത ഭക്ഷണം ആരോഗ്യത്തിൻ്റെ അടിസ്ഥാനം, എൻ്റെ ഭക്ഷണം, എൻ്റെ കൃഷി എന്നതാണ് പദ്ധതിയുടെ മുദ്രാവാക്യം.