വിപണിയിൽ വെളിച്ചെണ്ണയ്ക്കും തകർച്ച
ഏതാനും ദിവസമായി ഒരേ വിലനിലവാരത്തിൽ തുടർന്ന വെളിച്ചെണ്ണയ്ക്കു കടന്നുപോയ വാരത്തിന്റെ അവസാനത്തോടെ വീണ്ടും ദൗർബല്യം. തയാർ ഇനം വെളിച്ചെണ്ണ വില കൊച്ചി വിപണിയിൽ ക്വിന്റലിനു 100 രൂപ ഇടിഞ്ഞു 15,000 രൂപയിലെത്തി. മില്ലിങ് ഇനം വെളിച്ചെണ്ണയ്ക്കും ഇടിവു 100 രൂപയുടേതായിരുന്നു. അവസാന വില ക്വിന്റലിനു 15,600 രൂപ. തയാർ, മില്ലിങ് ഇനങ്ങൾക്കു പുതുവർഷത്തിലെ ആകെ ഇടിവു ക്വിന്റലിനു 400 രൂപയുടേതായി.
ഇപ്പോഴത്തെ വില നിലവാരം ഏതാണ്ട് ഒരു വർഷത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ്.കൊപ്ര (എടുത്തപടി) വിലയിലും കൊച്ചി വിപണിയിൽ കഴിഞ്ഞ ആഴ്ച ഇടിവാണുണ്ടായത്. ഏതാനും ദിവസമായി 9100 രൂപ നിലവാരത്തിൽ തുടർന്ന വില 9000 രൂപയിലേക്കു താഴ്ന്നിരിക്കുന്നു. പിണ്ണാക്ക് (എക്സ്പെല്ലർ) 2900 രൂപയിലും റോട്ടറി 3100 രൂപയിലും വിലയിൽ മാറ്റമില്ലാതെ തുർന്നു. ഇവയുടെ വിലയിൽ ഈ വർഷം ഒരു മാറ്റവുമുണ്ടായില്ലെന്ന പ്രത്യേകതയുണ്ട്.