പട്ടയം ലഭിച്ച സന്തോഷത്തില്‍ സുഹൃത്തുക്കളായ പ്രഭാകരനും ഷാജിയും


വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സ്വന്തമായി പട്ടയം ലഭിച്ച സന്തോഷത്തിലാണ് എല്ലപ്പള്ളി വില്ലേജിലെ താമസക്കാരും സുഹൃത്തുക്കളുമായ പുതുപ്പുരക്കല്‍ പ്രഭാകരന്‍ ശങ്കരനും മുല്ലക്കല്‍ ഷാജി നാരായണന്‍കുട്ടിയും. ഇരുവരും തമ്മിലുള്ള പരിചയത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പട്ടയത്തിനായുളള്ള കാത്തിരിപ്പിനും അത്രത്തോളം തന്നെ പഴക്കമുണ്ടെന്ന് പറയാം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇരുവരും പട്ടയത്തിനായുള്ള അപേക്ഷ സമര്‍പ്പിച്ചത്.
കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് റവന്യൂമന്ത്രി കെ രാജന്റെ കൈയ്യില്‍ നിന്നും മറ്റുള്ളവര്‍ക്കൊപ്പം പട്ടയം കൈകളില്‍ സ്വീകരിക്കുമ്പോള്‍ എഴുപത്തി മൂന്നുകാരനായ പ്രഭാകരന്റെയും അമ്പത്തഞ്ചുകാരനായ ഷാജിയുടെയും മനസ്സ് ആഗ്രഹസഫലീകരണത്താല്‍ നിറഞ്ഞിരുന്നു. 21 സെന്റ് ഭൂമിക്കാണ് പ്രഭാകരന് പട്ടയം ലഭിച്ചത്. രണ്ടാണ്‍മക്കളും ഭാര്യ രാജമ്മയുമടങ്ങുന്നതാണ് പ്രഭാകരന്റെ കുടുംബം. പ്രഭാകരനും ഭാര്യ രാജമ്മയുമാണ് പട്ടയം ലഭിച്ച ഭൂമിയിലെ വീട്ടില്‍ താമസിക്കുന്നത്. പട്ടയമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായതില്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്ന് പ്രഭാകരന്‍ പറഞ്ഞു.
ആറ് സെന്റ് ഭൂമിക്കാണ് മുല്ലക്കല്‍ ഷാജി നാരായണന്‍കുട്ടിക്ക് പട്ടയം ലഭിച്ചത്. മറ്റൊരു വീട്ടിലാണിപ്പോള്‍ ഷാജിയും ഭാര്യ ശോഭയുമടങ്ങുന്ന കുടുംബം താമസിക്കുന്നത്. സ്വന്തമായുള്ള ഭൂമിയില്‍ വീട് നിര്‍മ്മിക്കണം. പട്ടയമില്ലാതിരുന്നത് മുമ്പ് ചില തടസ്സങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും പട്ടയം ലഭിച്ച ഭൂമിയിലൊരു വീടാണ് ആഗ്രഹമെന്നും ഷാജി പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് പട്ടയത്തിനായി അപേക്ഷ സമര്‍പ്പിച്ച് പ്രഭാകരനും ഷാജിയും ആഗ്രഹ സഫലമാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയായിരുന്നു. ഒരുമിച്ച് തന്നെയാണ് ഇരുവരും മറ്റുള്ളവര്‍ക്കൊപ്പം പട്ടയം സ്വീകരിക്കുവാന്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എത്തിയത്. കൈവശ ഭൂമിയുടെ ഉടമകളായി മടങ്ങുന്നതിന്റെ സന്തോഷം പട്ടയവിതരണ വേദിയില്‍ നിന്ന് തിരികെ ഇറങ്ങുമ്പോള്‍ പ്രഭാകരന്റെയും ഷാജിയുടെയും മുഖത്ത് കാണാമായിരുന്നു.