ടൂറിസത്തിലൂടെ അധിക വരുമാനമെന്ന ആശയം അവതരിപ്പിച്ച് വിജയകരമായി നടപ്പാക്കിയ സേവി ജോർജ് കെഎസ്ആർടിസിയുടെ പടിയിറങ്ങുന്നു.
മൂന്നാർ : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെഎസ്ആർടിസിക്കു ടൂറിസത്തിലൂടെ അധിക വരുമാനമെന്ന ആശയം അവതരിപ്പിച്ച് വിജയകരമായി നടപ്പാക്കിയ സേവി ജോർജ് കെഎസ്ആർടിസിയുടെ പടിയിറങ്ങുന്നു. മൂന്നാർ ഡിപ്പോയിൽ ഇൻസ്പെക്ടറാണ് കോതമംഗലം സ്വദേശിയായ സേവി ജോർജ്. പ്രധാന പട്ടണങ്ങളിൽ കെഎസ്ആർടിസിയുടെ ഭൂമിയിൽ നിന്ന് എങ്ങനെ അധികവരുമാനം ഉണ്ടാക്കാമെന്നു എംഡി ബിജു പ്രഭാകർ നിർദേശങ്ങൾ ചോദിച്ചതിൽ നിന്നാണു സേവിയുടെ മനസ്സിൽ കെഎസ്ആർടിസിയും ടൂറിസവും എന്ന ആശയം മുളപൊട്ടിയത്. മൂന്നാറിൽ കെഎസ്ആർടിസിക്ക് മൂന്നര ഏക്കർ ഭൂമി സ്വന്തമായുണ്ട്.
ടൂറിസവുമായി ബന്ധപ്പെടുത്തി ഇത് എങ്ങനെ പ്രയോജനപ്പെടുത്താമെന്നതു സംബന്ധിച്ച് ഇദ്ദേഹം പദ്ധതി തയാറാക്കി എംഡിക്കു സമർപ്പിച്ചു. മൂന്നാറിൽ എത്തുന്ന ഇടത്തരക്കാരായ സഞ്ചാരികൾക്കു കുറഞ്ഞ ചെലവിൽ ബസിൽ സുരക്ഷിത താമസം എന്നതായിരുന്നു ആദ്യ പദ്ധതി. ആശയം മാനേജ്മെന്റിനു സ്വീകാര്യമായതോടെ കണ്ടം ചെയ്ത രണ്ട് ബസുകളിൽ 16 ബെർത്തുകൾ സ്ഥാപിച്ച് ബസ് സ്റ്റാൻഡിൽ ‘ആനവണ്ടി ഹോട്ടൽ’ സജ്ജമായി. 100 രൂപ മാത്രമാണ് ഒരാൾക്ക് ഒരു രാത്രി ഇതിൽ താമസിക്കുന്നതിനു നിരക്ക്. നിലവിൽ 8 സ്ലീപ്പർ ബസുകളിലായി 128 പേർക്കു താമസസൗകര്യമുണ്ട്. വാരാന്ത്യങ്ങളിൽ ഇവ മിക്കവാറും നിറയും. 12 സ്‌ലീപ്പർ ബസുകൾ കൂടി ഉടൻ എത്തും.
ഈ പദ്ധതി വിജയകരമായതോടെയാണു സഞ്ചാരികൾക്കു കെഎസ്ആർടിസി ബസിൽ ചുറ്റിക്കറങ്ങി കാഴ്ചകൾ കാണാൻ സൈറ്റ് സീയിങ് ബസുകൾ എന്ന ആശയം സേവി അവതരിപ്പിച്ചത്. നിലവിൽ ഇവിടെ നിന്നുമാത്രം മൂന്ന് ബസുകൾ സൈറ്റ് സീയിങ് സർവീസ് നടത്തുന്നു.സേവിയുടെ ആശയം ട്രെൻഡായതോടെ ഇപ്പോൾ 11 ഡിപ്പോകളിൽ നിന്നു ടൂറിസ്റ്റുകൾ കുറഞ്ഞ ചെലവിൽ മൂന്നാർ കാഴ്ചകൾ ആസ്വദിച്ചു മടങ്ങുന്നു. ഇവരെല്ലാം രാത്രി താമസിക്കുന്നതു സ്‌ലീപ്പർ ബസുകളിലാണ്. ടൂറിസം ഇനത്തിൽ മൂന്നാർ ഡിപ്പോയ്ക്കു മാത്രം 57.34 ലക്ഷം രൂപ വരുമാനമുണ്ടാക്കാനായി. 31 വർഷം മുൻപ് മുവാറ്റുപുഴ ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ച സേവി ജോർജ് 23 വർഷമായി മൂന്നാർ ഡിപ്പോയിലാണ്. ഈ മാസം 30 നാണ് വിരമിക്കുന്നത്.