വർദ്ധിച്ചു വരുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ : മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെഎസ്ആർടിസി ജീവനക്കാർ..
തൊടുപുഴ : കെഎസ്ആർടിസിയുടെ പുതിയ ബസ് ടെർമിനലിലെ ശുചിമുറിയിൽ കയറിയ സാമൂഹിക വിരുദ്ധർ രണ്ട് ഫ്ലഷ് ടാങ്കുകളും പൈപ്പുകളും നശിപ്പിച്ചു. ഒരു പതിറ്റാണ്ടോളം നീണ്ട കാത്തിരിപ്പിനു ഒടുവിലാണ് ബസ് ടെർമിനൽ രണ്ടാഴ്ച മുൻപ് ഉദ്ഘാടനം ചെയ്തത്. നല്ല രീതിയിൽ നിർമിച്ചിരിക്കുന്ന ശുചിമുറിക്കുള്ളിൽ കയറിയ സാമൂഹിക വിരുദ്ധർ വെള്ളിയാഴ്ച രാത്രി വൈകിയാണ് അതിക്രമം നടത്തിയതെന്ന് കരുതുന്നു.
രാത്രി യാത്രക്കാരും ജീവനക്കാരും കുറവായതിനാൽ ശുചിമുറിക്കുള്ളിൽ കയറി ഇത് നശിപ്പിക്കുന്ന ശബ്ദം പോലും ആരും കേട്ടില്ല. ഇവിടെ രാത്രി സെക്യൂരിറ്റി ജീവനക്കാരും സ്റ്റേഷൻ മാസ്റ്ററും മറ്റും ഉണ്ടെങ്കിലും കെട്ടിടത്തിനു പിൻഭാഗത്തുള്ള ശുചിമുറി ഭാഗത്ത് ശ്രദ്ധിക്കാൻ സാധിക്കില്ല. ഈ അവസരം മുതലാക്കിയാണ് ചിലർ ശുചിമുറിക്കുള്ളിലെ ഫ്ലഷ് ടാങ്കും പൈപ്പുകളും നശിപ്പിച്ചത്.കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി ഡിപ്പോ അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് നശിപ്പിച്ചതിനു പിന്നിൽ കെഎസ്ആർടിസി സർവീസുകൾ നടത്തുന്നതിനോട് എതിർപ്പുള്ള ചില സംഘങ്ങളാണെന്നു കരുതുന്നു.
ഇത്തരം സാമൂഹിക വിരുദ്ധരെ കണ്ടെത്താനും ഇനിയും ഇത്തരം പ്രവൃത്തികൾ നടക്കാതിരിക്കാനും വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെഎസ്ആർടിസി ജീവനക്കാർ ആവശ്യപ്പെട്ടു. പുതിയ ഡിപ്പോയിൽ നിന്ന് സർവീസുകൾ ആരംഭിച്ചതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർ ദീർഘദൂര യാത്രക്കാർക്കായി രാത്രി വൈകിയും ഡിപ്പോയിൽ ബസ് കാത്തു നിൽക്കുന്നുണ്ട്.