സ്റ്റിക്കർ പതിച്ച് പാസ്പോർട്ട് വികൃതമാക്കുന്നു: ഇന്ത്യൻ പാസ്പോർട്ട് പരസ്യപലകയാക്കരുതെന്ന് മുന്നറിയിപ്പ്


പാസ്പോർട്ടിന്റെ പുറംചട്ട പരസ്യപലകയാക്കരുതെന്ന് ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. ഇന്ത്യൻ പാസ്പോർട്ടിന്റെ പുറംചട്ട ട്രാവൽ ഏജൻസികളും കമ്പനികളും സ്റ്റിക്കർ പതിച്ച് വികൃതമാക്കുന്ന സാഹചര്യത്തിലാണ് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയത്.
ചില ട്രാവൽ ഏജൻസികളും കമ്പനികളും ഒരു മനസാക്ഷിയുമില്ലാതെ ഇന്ത്യൻപാസ്പോർട്ടുകൾ അവരുടെ പരസ്യം പതിക്കാനുള്ള ഇടമായി മാറ്റുന്നതായി ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ചൂണ്ടിക്കാട്ടി. ഈ നടപടികൾ പാസ്പോർട്ട് സംബന്ധിച്ച ഇന്ത്യാ ഗവർമെന്റിന്റെ മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്ന് കോൺസുലേറ്റ് അറിയിച്ചു. തങ്ങളുടെ പാസ്പോർട്ടുകൾ ഇത്തരത്തിൽ വികൃതമാക്കുന്നില്ല എന്ന് പാസ്പോർട്ടുകൾ ഉറപ്പുവരുത്തണെന്നും കോൺസുലേറ്റ് പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു. ട്രാവൽ ഏജൻസികളോ, സ്ഥാപനങ്ങളോ വ്യക്തികളോ പാസ്പോർട്ട് അവരുടെ സ്റ്റിക്കറും പരസ്യങ്ങളും പതിക്കാൻ അനുവദിക്കരുതെന്നാണ് നിർദേശം.