തലയെടുപ്പോടേ ഇടുക്കി ; വേനൽ അവധി ഇനി ഇടുക്കിക്കൊപ്പം…
മൂന്നാറിൽ ഏറ്റവുമധികം സന്ദർശകത്തിരക്ക് ഉണ്ടാകാറുള്ള സീസണാണ് മധ്യവേനലവധിക്കാലമായ ഏപ്രിൽ, മേയ് മാസങ്ങൾ. നാടും നഗരവും വേനൽച്ചൂടിൽ ഉരുകുമ്പോൾ മൂന്നാറിന്റെ കുളിരു തേടി കുടുംബസമേതം എത്തുന്നവർ ഏറെ. പ്രളയവും കോവിഡും മൂലം കഴിഞ്ഞ 4 വർഷം മധ്യവേനലവധിക്കു കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നില്ല. എന്നാൽ, ഇത്തവണ സഞ്ചാരികളുടെ വൻ ഒഴുക്കാണ് പ്രതീക്ഷിക്കുന്നത്.
പകൽച്ചൂട് 26 ഡിഗ്രി സെൽഷ്യസ് വരെയുണ്ടെങ്കിലും വൈകുന്നേരമാകുന്നതോടെ സുഖകരമായ കാലാവസ്ഥയാണ് മൂന്നാറിൽ. 8 ഡിഗ്രി വരെയാണ് പുലർകാല താപനില. 2 മാസമായി സന്ദർശകർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്ന ഇരവികുളം ദേശീയോദ്യാനം തുറന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. രാജമലയിൽ കുഞ്ഞുങ്ങൾ ഉൾപ്പെടെ വരയാടിൻ കൂട്ടങ്ങളെ പകൽ സമയത്തും കാണാനാവും.
ശനി, ഞായർ ദിവസങ്ങളിലും മറ്റു അവധി ദിവസങ്ങളിലും ഇടുക്കി, ചെറുതോണി ഡാമുകൾ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. മുതിർന്നവർക്ക് 40 രൂപയാണ് അണക്കെട്ടിലേക്കുള്ള പ്രവേശനഫീസ്. കുട്ടികൾക്ക് 20 രൂപയും. ബഗി കാറിൽ സഞ്ചരിക്കണമെങ്കിൽ 8 പേർ അടങ്ങുന്ന സംഘത്തിന് 600 രൂപയും നൽകണം. രാവിലെ 10 മുതൽ 5വരെയാണ് സന്ദർശന സമയം. കഴിഞ്ഞ ശനിയാഴ്ച 800 പേരും ഞായറാഴ്ച 900 പേരും അണക്കെട്ട് സന്ദർശിച്ചതായാണ് കണക്കുകൾ.
⭕️ഹിൽവ്യൂ പാർക്ക്
ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ മനോഹാരിത നേർക്കുനേർ കാണാനാകുന്ന ഹിൽവ്യൂ പാർക്ക് സന്ദർശിക്കാതെ ഇടുക്കിയിലെത്തുന്ന സഞ്ചാരികൾ മടങ്ങാറില്ല. വേനലവധിക്കു കൂടുതൽ സഞ്ചാരികൾ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയിൽ അധികൃതർ കൂടുതൽ സൗകര്യങ്ങളും ഒരുക്കിക്കഴിഞ്ഞു. 20 രൂപയാണ് പാർക്കിലേക്കുള്ള പ്രവേശന ഫീസ്. കുട്ടികൾക്ക് 10 രൂപയും. ഫോട്ടോഷൂട്ടിനും വിഡിയോ ചിത്രീകരണങ്ങൾക്കും പ്രത്യേക നിരക്ക് വേറെയുണ്ട്.
⭕️വാഗമൺ
മൊട്ടക്കുന്ന്, പൈൻവാലി, ഓർക്കിഡ് ഗാലറി, ആത്മഹത്യാ മുനമ്പ് തുടങ്ങി കുന്നോളം കാഴ്ചകളുണ്ട് വാഗമണ്ണിൽ. ശനി, ഞായർ തുടങ്ങി അവധി ദിനങ്ങളിലാണ് തിരക്കേറെയും. വേനലവധിയാകുന്നതോടെ, സഞ്ചാരികളുടെ തിരക്ക് ഇനിയും കൂടും. ചെറുതും വലുതുമായ വിവിധ സ്വകാര്യ റിസോർട്ടുകൾ താമസത്തിനും വിശ്രമത്തിനുമായി ഇവിടെയുണ്ട്.
തീർഥാടന കേന്ദ്രങ്ങളായ കുരിശുമല, മുരുകൻമല, തങ്ങൾപാറ എന്നിവ സമീപത്തുണ്ട്. പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഈ അവധിക്കാലത്ത് സഞ്ചാരികളുടെ തിരക്ക് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്.