കിഴക്കൻ മലയാറ്റൂർ ; എഴുകുംവയൽ കുരിശുമലയിൽ നാൽപതാം വെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കിഴക്കൻ മലയാറ്റൂർ എന്നറിയപ്പെടുന്ന എഴുകുംവയൽ കുരിശുമലയിൽ നാൽപതാം വെള്ളി ആചരണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡിനെ തുടർന്ന് കഴിഞ്ഞ 2 വർഷം നാമമാത്രമായിരുന്നു കുരിശുമല കയറ്റം. ഇത്തവണ വലിയ നോമ്പ് ആരംഭം മുതൽ തീർഥാടകരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇതുവരെ കാൽ ലക്ഷം വിശ്വാസികൾ മലകയറി. തീർഥാടകരെ വരവേൽക്കാൻ 501 അംഗ കമ്മിറ്റി പ്രവർത്തിക്കുന്നു.
വെള്ളിയാഴ്ച രാവിലെ 9.30നു മലയടിവാരത്തെ ടൗൺ കപ്പേളയിൽനിന്നു കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്രയ്ക്ക് തീർഥാടക പള്ളി സ്ഥാപക ഡയറക്ടർ ഫാ.ജോൺ ആനിക്കാട്ടിൽ നേതൃത്വം നൽകും. തുടർന്ന് കുരിശുമല പള്ളിയിൽ ദിവ്യബലിയും കൊഴിക്കൊട്ട നേർച്ചയും നേർച്ചക്കഞ്ഞിയും വിതരണം ചെയ്യും. വൈകിട്ട് 4ന് രൂപതയിലെ കെസിവൈഎം പ്രവർത്തകർ ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ കുരിശുമല ചവിട്ടും. 5.30ന് കുരിശുമല പള്ളിയിൽ ദിവ്യബലി നടക്കും.
തീർഥാടകരുടെ തിരക്ക് കണക്കിലെടുത്ത് പുതുഞായറാഴ്ച വരെ എല്ലാ ദിവസങ്ങളിലും രാത്രിയിലും മല കയറാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് വികാരി ഫാ.ജോർജ് പാട്ടത്തേക്കുഴി, ജോയി കൊച്ചടിവാരം, ബെന്നി അറക്കൽ, ബെന്നി തോലാനി, ബെന്നി കൊങ്ങമല, ജോണി പുതിയാപറമ്പിൽ, ഫാ.മാത്യു വിച്ചാട്ട്, മത്തായിച്ചൻ പുളിക്കൽ എന്നിവർ പറഞ്ഞു. ദുഃഖവെള്ളിയാഴ്ച നെടുങ്കണ്ടത്തുനിന്നു രാവിലെ 8 മുതൽ ഒരു മണിക്കൂർ ഇടവിട്ടും കട്ടപ്പനയിൽനിന്നു രാവിലെ 7 മുതൽ ഒരു മണിക്കൂർ ഇടവിട്ടും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സർവീസ് നടത്തും.