ഞങ്ങളും കൃഷിയിലേക്ക് ; തരിശ് നില ജൈവ പച്ചക്കറി കൃഷിക്ക് അടിമാലി ഗ്രാമപഞ്ചായത്തില്‍ തുടക്കം
സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നടത്തുന്ന ഞങ്ങളും കൃഷിയിലേക്ക് തരിശ് നില ജൈവ പച്ചക്കറി കൃഷിക്ക് അടിമാലി ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. ഗ്രാമപഞ്ചായത്തും അടിമാലി കൃഷിഭവനും സഹകരിച്ചാണ് പദ്ധതി വ്യാപിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് കാര്യാലയത്തിന് സമീപം പച്ചക്കറിത്തൈകള്‍ നട്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്തോളം ഇനം പച്ചക്കറി വിത്തുകള്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ഒരോ വാര്‍ഡിലും ഗ്രാമപഞ്ചായത്തംഗം രക്ഷാധികാരിയായുള്ള ഗ്രൂപ്പ് രൂപീകരിച്ചാകും പ്രവര്‍ത്തനങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകുക. പഞ്ചായത്ത് പരിധിയിലെ 21 വാര്‍ഡുകളിലും പച്ചക്കറി വിത്തുകള്‍ ലഭ്യമാക്കി പദ്ധതി വ്യാപിപ്പിക്കുമെന്ന് ഗ്രാമപഞ്ചായത്തധികൃതര്‍ പറഞ്ഞു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. ഡി ഷാജി അധ്യക്ഷത വഹിച്ചു. മറ്റ് ഗ്രാമപഞ്ചായത്തംഗങ്ങള്‍, കൃഷി ഓഫീസര്‍ ഇ. കെ ഷാജി, ഗ്രാമപഞ്ചായത്ത് ജീവനക്കാര്‍, കൃഷിവകുപ്പുദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.